‘
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ നിരവധി വെള്ളക്കെട്ടിലമർന്നു. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിട്ടുള്ളത്. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കാര്‍ മുങ്ങിപ്പോയി. നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം സ്തംഭിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100-ലധികം വിമാനങ്ങളെ ബാധിച്ചു. കൊടുങ്കാറ്റിൽ 25-ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ഇന്നലെ രാത്രിയുണ്ടായ തടസ്സങ്ങൾ വിമാന സർവ്വീസുകളെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് പരിശോധന തുടരണമെന്ന് വിമാനത്താവളം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും പൊടിക്കാറ്റും തുടർന്ന് ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും മണിക്കൂറിൽ 60 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നും ഐഎംഡി ശനിയാഴ്ച പ്രവചിച്ചിരുന്നു. ഇടിമിന്നലുള്ളത് കൊണ്ട് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ വരെ രേഖപ്പെടുത്തിയ മഴയുടെ അളവുകൾ ഇങ്ങനെയാണ്: സഫ്ദർജംഗ്: 81 മി.മീ., പാലം: 68 മി.മീ., വീതി: 71 മി.മീ., മയൂർ വിഹാർ: 48 മി.മീ. നഗരത്തിലെ മറ്റു പല ഭാഗങ്ങളിലും 5 മുതൽ 8 സെന്റീമീറ്റർ വരെ മഴ ലഭിച്ചു.