മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19 ന് വോട്ടെടുപ്പും ജൂൺ 23 ന് വോട്ടെണ്ണലും നടക്കും. മെയ് 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ച്.
എൽ.ഡി. എഫ് സ്വതന്ത്ര എം. എൽ. എ ആയിരുന്ന പി.വി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമെയുള്ളൂ എന്നതിനാൽ ഏറ്റവും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവും രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും അതിന് മുൻപെ തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണ്ണായകമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ ജയിച്ചു. അതിനാൽ തന്നെ നിലമ്പൂര്‍ സീറ്റ് നിലനിർത്തുക എന്നത് ഇടത് പക്ഷത്തിൻ്റെ അഭിമാനപ്രശ്‌നമാകുന്നു.