മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നുള്ള വിഡി സതീശൻ്റെ പ്രസ്താവനക്ക് പിന്നാലെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവര്‍.
ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവര്‍ നൽകിയത്. അതേസമയം തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിഎസ് ജോയ് പക്ഷത്തിന് അനുകൂല നിലപാടല്ല.
അൻവറിൻ്റേയും ജോയിയുടെയും കർക്കൾ നിലപാടിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രനും യുഡിഎഫും. അൻവറിന്‍റേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപാധിയില്ലാതെയുള്ള പിന്തുണ ഉറപ്പ് നൽകിയ പിവി അൻവര്‍ ഇപ്പോൾ താളം ചവിട്ടുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാൽ പിവി അൻവര്‍ മത്സരിക്കാൻ നീക്കം നടത്തുന്നതായും വാർത്തയുണ്ട്. യുഡിഎഫിനെ വെട്ടിലാക്കി ഇലക്ഷനു മുൻപ് തന്നെ താൻ മുന്നോട്ടു വെച്ച കാര്യങ്ങൾ നേടിയെടുക്കുള്ള പിവി അൻവറിൻ്റെ ഗൂഢതന്ത്രമായും വിലയിരുത്തുന്നു. പിവി അൻവര്‍ അവസരം മുതലെടുക്കുകയാണെന്ന് യുഡിഎഫ് നേതൃത്വത്തിലും മുറുമുറുപ്പുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോള്‍ പിവി അൻവര്‍ ശക്തമാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കൂടുതൽ ചർച്ചകള്‍ വേണമെന്ന നിലപാടിലാണ് ഇപ്പോൾ നേതൃത്വം. അതേസമയം, കോണ്‍ഗ്രസിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പിവി അൻവറിന്‍റെ പിന്തുണ മുഖവിലക്കെടുക്കുന്നു. കോൺഗ്രസിൽ ഒരു ആശയക്കുഴപ്പവുമില്ല. സ്ഥാനാർത്ഥിയെ കോൺഗ്രസ് ആദ്യം പ്രഖ്യാപിക്കും. പാർട്ടിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിന് ഒരു സംവിധാനമുണ്ട്. അത് അനുസരിച്ച് പ്രഖ്യാപനം വരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.