ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇനി ഇന്ത്യയുടെ ഷെഫാലി വര്‍മ്മയുടെ പേരിൽ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.194 പന്തിലായിരുന്നു ഷെഫാലിയുടെ ഇരട്ടശതകം. 23 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഈ ഇരുപതുകാരിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു.
ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്റിന്റെ റെക്കോര്‍ഡാണ് ഷെഫാലി മറികടന്നത്. 248 പന്തിലാണ് അന്നബെല്‍ ഇരട്ട സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അന്നബെലിന്റെയും ഇരട്ടശതകം.
മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് മിതാലിയുടെ ഡബിള്‍ സെഞ്ച്വറി. 407 പന്തില്‍ നിന്നാണ് മിതാലിയുടെ 214 റണ്‍സ് പിറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 197 പന്തില്‍ 205 റണ്‍സെടുത്ത് ഷെഫാലി വര്‍മ പുറത്തായി.