ന്യൂഡൽഹി: രാമക്ഷേത്രത്തിലെ മേൽക്കൂരച്ചോർച്ചയ്ക്ക് പിന്നാലെ രാംപഥ് റോഡ് കുഴികൾ വീണ് വെള്ളം നിറഞ്ഞ് തകർന്നു. മഴ ശക്തമായതിന് പിന്നാലെയാണ് റോഡിന്റെ 14 കിലോമീറ്റർ ദൂരത്ത് വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടത്. അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്ന് ആറ് മാസത്തിനിടെ പെയ്ത ആദ്യ മഴയിൽ തന്നെ ക്ഷേത്ര നഗരം കനത്ത വെള്ളക്കെട്ടിലായി. റോഡിനോട് ചേർന്നുള്ള ചെറുവഴികളിലും തെരുവുകളിലും വീടുകളിലും വെള്ളം കയറി.
നിർമ്മാണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിലെയും (പിഡബ്ല്യുഡി) ഉത്തർപ്രദേശ് ജൽ നിഗമിലെയും ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് കരാർ സ്ഥാപനമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു.
കനത്തമഴയിൽ മേൽക്കൂര ചോർന്ന് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തേക്കു വെള്ളം പതിച്ചത് ക്ഷേത്രനിർമ്മാണ ട്രസ്റ്റിനെയും കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വങ്ങളെയും രാഷ്ട്രീയ പ്രതിരോധത്തിലാക്കിയിരുന്നു. രാംലല്ല വിഗ്രഹത്തിനുമുന്നിലായി പുരോഹിതൻ ഇരിക്കുന്നയിടത്തേക്കാണ് വെള്ളം പതിക്കുന്നത്. ക്ഷേത്ര നിർമാണം പൂർത്തിയാവാത്തതിനാലുള്ള പ്രശ്നം മാത്രമാണിതെന്നാണ് ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയുടെ വിശദീകരണം. വിഷയത്തിൽ ബി.ജെ.പിക്കെതിരേ അഴിമതിയാരോപണമുയർത്തി കോൺഗ്രസും രംഗത്തെത്തി
അതേസമയം, വെള്ളം ചോർന്നെന്ന ആരോപണം നിഷേധിച്ച ക്ഷേത്ര ട്രസ്റ്റ്, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അപാകതയില്ലെന്ന് പറഞ്ഞു.