ബെർലിൻ: ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ഓസ്ട്രിയയെ കീഴടക്കി തുർക്കി യൂറോ കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് തുർക്കിയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ മെറിഹ് ഡെമിറലാണ് തുർക്കിയുടെ ഹീറോ.
മത്സരം ആരംഭിച്ച് ആദ്യ നിമിഷത്തിൽ തന്നെ തുർക്കി ഗോൾവലകുലുക്കി. മെറിഹ് ഡെമിറലാണ് തുർക്കിക്കായി ലക്ഷ്യം കണ്ടത്. കോർണറിലാണ് ഗോൾ പിറന്നത്. ബോക്സിനുള്ളിൽ നിന്ന് പന്ത് ക്ലിയർ ചെയ്യുന്നതിൽ ഓസ്ട്രിയൻ താരങ്ങൾക്ക് പിഴച്ചു. പന്ത് കാലിൽ തടഞ്ഞ് കിട്ടിയ മെറിഹ് ഡെമിറൽ ശരവേഗം വലയിലേക്ക് തൊടുത്തു. ഒരു ഗോൾ വീണതും ഓസ്ട്രിയ ഉണർന്നെണീറ്റു. മറു ഗോൾ മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളാണ് പിന്നീട് കണ്ടത്.
സാബിറ്റ്സറും അർണാടോവിക്കും തുർക്കി ബോക്സിൽ അപകടം വിതച്ചുകൊണ്ടേയിരുന്നു. എന്നാൽ തുർക്കി പ്രതിരോധത്തെ മറികടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അതേ നാണയത്തിൽ തന്നെ തുർക്കിയും ഓസ്ട്രിയൻ ഗോൾമുഖത്തേക്ക് ഒത്തിരി തവണ ഇരച്ചുകയറി. മത്സരം പിന്നിടങ്ങോട്ട് കത്തിക്കയറി നീങ്ങിതയെങ്കിലും രണ്ടു പേരും ഗോൾമുഖം തുറന്നില്ല.
രണ്ടാം പകുതിയിലെ തുടക്കത്തിൽ തന്നെ ഓസ്ട്രിയ ഗോൾ മടക്കാനുള്ള ആവേശത്തിലാണ് കളിക്കിറങ്ങിയത്. എന്നു വേണം കരുതാൻ. രണ്ടാം പാദം ആരംഭിച്ചപ്പോഴെ സമനിലഗോളിനായി നിരവധി ഷോട്ടുകളാണ് ഓസ്ട്രിയൻ താരങ്ങളുടെ കാലുകളിൽ നിന്ന് പിറന്നത്. തുർക്കി ഗോളിയുടെ മികച്ച സേവുകളാണ് മിക്കതും അപകടം വിതയ്ക്കാതിരുന്നത്. അപ്രതീക്ഷിതമായി തുർക്കി രണ്ടാം ഗോൾ കണ്ടെത്തിയതോടെ ഓസ്ട്രിയ പതറി. മെറിഹ് ഡെമിറലിൻ്റേതാണ് രണ്ടാം ഗോളും. കോർണർ കിക്കിൽ നിന്ന് വായുവിൽ വഴിഞ്ഞൊഴുകി വന്ന പന്തിൽ കൃത്യമായി തലവെച്ചു കൊടുക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ – എണ്ണം പറഞ്ഞ ഒരു ഹെഡറിലൂടെ ഡെമിറലത് ഓസ്ട്രിയൻ വലക്കകത്താക്കി.
തിരിച്ചടിക്കാൻ ഓസ്ട്രിയ ആക്രമണങ്ങളുടെ കെട്ടഴിച്ച് വിട്ടതാണ് പിന്നീട് കണ്ടത്. അദ്ധ്വാനം 66-ാം മിനിറ്റിൽ ലക്ഷ്യം നേടി. പകരക്കാരനായെത്തിയ മൈക്കൽ ഗ്രഗറിറ്റ്സിൻ്റെ വക വലകുലുക്കൽ. കോർണറിൽ നിന്ന് വന്ന പന്ത് സ്റ്റീഫൻ പോഷ് ഹെഡറിലൂടെ കൃത്യമായി ഗ്രഗറിറ്റ്സിൻ്റെ കാൽചുവട്ടിൽ. തുർക്കിക്ക് പ്രതിരോധിക്കാൻ ഇട നൽകാതെ ഞൊടിയിടയിൽ വലയിൽ. സമനിലഗോളിനായി ഓസ്ട്രിയ വീണ്ടും പൊരുതിക്കൊണ്ടേയിരുന്നു. കളി ആവേശത്തിൻ്റെ മുൾമുനയിലേക്കും വളർന്നു. അവസാന മിനിറ്റിൽ ഗോൾമുഖത്തേക്ക് അളന്നുതൂക്കി വന്ന പന്ത് തുർക്കി ഗോളി കിടിലൻ സേവിലൂടെ രക്ഷപ്പെടുത്തി. തുടർന്ന് തുർക്കി ക്വാർട്ടറിലേക്ക്, ഓസ്ട്രിയ പുറത്തേക്കും.