കൊച്ചി: അരൂർ- തുറവൂർ ആകാശപാതാ നിർമ്മാണത്തിൽ ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദേശീയപാതാ അതോറിറ്റി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നും 36 പേർ ഈ ഭാഗത്ത് മരിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
റോഡുകളുടെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് അരൂർ- തുറവൂർ ആകാശപാതാ നിർമ്മാണവുമായി വലിയ പ്രതിസന്ധികൾ ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അമിക്കസ്‌ക്യൂറി വിനോദ് ഭട്ട് ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആകാശപാതാ നിർമ്മാണം നടക്കുന്ന സ്ഥലത്തുകൂടി പോകുമ്പോൾ നരകമായാണ് തോന്നുന്നത്. സ്‌കൂൾ കുട്ടികളെ ഉൾപ്പെടെ ഈ പ്രശ്‌നം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ നിർമ്മാണ സ്ഥലത്തെ ബ്ലോക്ക് മൂലം രണ്ടും മൂന്നും മണിക്കൂർ വൈകിയാണ് ആളുകൾ എത്തുന്നത്. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വികസനത്തിന് കോടതി എതിരല്ല. പക്ഷേ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന സമയത്ത് എന്തെങ്കിലും ബദൽ മാർഗ്ഗം രൂപീകരിക്കേണ്ടിയിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇനിയൊരാളുടെ ജീവൻ ഇല്ലാതാക്കുന്നത് കോടതി നോക്കിനിൽക്കില്ല. അതിനു മുമ്പ് ഇടപെടുകയാണെന്നും കോടതി അറിയിച്ചു. കൃത്യമായി ഇടപെടണമെന്ന് ജില്ലാ കലക്ടർക്കും കോടതി നിർദ്ദേശം നൽകി.
അമിക്കസ്‌ക്യൂറി വിനോദ് ഭട്ടിനെ സ്ഥലം സന്ദർശിക്കാൻ ചുമതലപ്പെടുത്തിയ കോടതി, ഇതിനായി ദേശീയപാതാ അതോറിറ്റി പൂർണ സൗകര്യം ഏർപ്പെടുത്തി ക്കൊടുക്കണമെന്നും നിർദ്ദേശിച്ചു. മൂന്ന് ദിവസം സന്ദർശനം നടത്തിയ ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവുക.