ഫ്രാങ്ക്ഫർട്ട്: ഇത് തൻ്റെ അവസാന യൂറോ എന്ന് ക്രിസ്റ്റ്യാനോ റണോൾഡോ വെളിപ്പെടുത്തുന്നു. യൂറോ കപ്പിൻ്റെ മത്സര വേദികൾ ഇനി ക്രിസ്റ്റ്യാനോയുടെ അസാന്നിദ്ധ്യം കൊണ്ടായിരിക്കും ശ്രദ്ധേയമാവുക. യൂറോ കപ്പിനോട് ലോകോത്തര ഫുട്ബാളർ വിട പറയുമ്പോൾ നഷ്ടം കാൽപ്പന്തുകളിയേയും ക്രിസ്റ്റാനോയും സ്നേഹിക്കുന്നവർക്കാണ്. തീർച്ചയായും അവർ ക്രിസ്റ്റ്യാനോയെ ‘മിസ്സ് ‘ ചെയ്യും!
ഇത് ആറാം തവണയാണ് യൂറോയിൽ ക്രിസ്റ്റ്യാനോ പന്ത് തട്ടുന്നത്. എന്നാൽ ബ്രിട്ടനിലും അയർലൻഡിലുമായി നടക്കുന്ന അടുത്ത യൂറോയിൽ താൻ കളിക്കില്ലെന്ന് ഈ പോർച്ചുഗീസ് പടനായകൻ വെളിപ്പെടുത്തുന്നു.
പ്രീ കോർട്ടറിൽ സ്ലൊവീനിയയുമായുള്ള കളിയിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പിറകെയാണ് റൊണാൾഡോയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാകുന്നു. സ്ലൊവീനിയൻ ഗോൾമുഖത്തേക്ക് തൊടുത്തുവിട്ട പെനാൽട്ടി കിക്ക് ഗോളി ജാൻ ഒബ്ലാകിന്റെ കൈകളിൽ തട്ടി പുറത്തേക്ക് പറന്നത് ഗ്യാലറിയെ ഒട്ടൊന്നുമല്ല നിശ്ശബ്ദമാക്കിയത്. ക്രിസ്റ്റ്യാനോയുടെ മനസ്സിലും അതുണ്ടാക്കിയ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു എന്നത് കളിക്കളവും കണ്ടതാണ് – അത്രമേൽ നിരാശയിൽ നിന്നാണ് ആ മിഴികളിൽ നിന്ന് കണ്ണീർ ഊർന്നു വീണത്. ഗോൾ രഹിതമായി പര്യവസാനിച്ച മത്സരത്തിൽ പിന്നെ ഷൂട്ടൗട്ടിൽ പോർചുഗൽ ഗോളി ഡീഗോ കോസ്റ്റയുടെ അസാമാന്യ പ്രകടനം കൊണ്ട് മാത്രമാണ് പറങ്കിപ്പട ക്വാർട്ടർ കണ്ടത്.
‘‘ഏറ്റവും കരുത്തരായവർക്കുപോലും അവരുടെ മോശം ദിനങ്ങളുണ്ടാകും. ടീം മികച്ച പ്രകടനം കാത്തിരുന്നപ്പോൾ ഞാൻ ഏറ്റവും മോശമായി’’ – കളിമൈതാനത്ത് വീണ കണ്ണീരിന് കാരണം പിന്നീട് ക്രിസ്റ്റ്യാനോ തന്നെ വെളിപ്പെടുത്തി.
പതിവ് പോലെ ഈ യൂറോയിലും ഗോൾപോസ്റ്റ് ലക്ഷ്യം വെച്ച് നിരവധി ഷോട്ടുകളാണ് റൊണാൾഡോയുടേതായി എത്തിയത്. ഒന്നും നിർഭാഗ്യവശാൽ ലക്ഷ്യം കണ്ടില്ലെന്ന് മാത്രം. ഇതിനിടയിലാണ്, യൂറോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡിന് അവകാശിയായ താരത്തിൻ്റെ കാൽച്ചുവട്ടിലേക്ക് സൗഭാഗ്യം വെച്ചു കൊടുത്ത പെനാൽട്ടി കൂടി നഷ്ടപ്പെട്ടത്. വല്ലാത്തൊരു യൂറോ തന്നെ – ക്രിസ്റ്റ്യനോയും ഒരു നിമിഷം കരുതിക്കാണണം. പക്ഷെ, ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ക്രിസ്റ്റ്യനോയെ തടയാൻ സ്ലൊവീനിയൻ ഗോളി ഒബ്ലാകിന് കരുത്ത് പോരായിരുന്നു.
”’ഇത് ഫുട്ബാളാണ്. തോൽക്കുന്നവർ ശ്രമം നടത്തിയവർ കൂടിയാണ്. ഈ ജഴ്സിക്കായി ഞാൻ പരമാവധി സമർപ്പിക്കും’’- മത്സരശേഷം താരത്തിൻ്റെതായി വന്ന വാക്കുകൾ.
ഈ മുപ്പത്തൊമ്പതുകാരൻ്റെ വർഷങ്ങൾ നീണ്ട കരിയറിനിടെ 195 പെനാൽറ്റി കിക്കുകൾ ആ കാലിൽ നിന്ന് തൊടുത്തിട്ടുണ്ട്. 165 എണ്ണവും വലകുലുക്കി.
സ്പോർടിങ് സി.പിയിൽ തുടങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡിലും സൗദി ക്ലബായ അൽനസ്റിലും കളിമികവുകൊണ്ട് മികച്ചവനിൽ മികച്ചവനായി വാണ ക്രിസ്റ്റ്യാനോക്ക് ഇത്തവണത്തെ യൂറോയിൽ പക്ഷെ, പോർചുഗൽ മുന്നേറ്റത്തിൽ താരമാകാനായിട്ടില്ല ഇതുവരെ.
2003ലാണ് താരം ആദ്യമായി പോർചുഗൽ ജഴ്സിയിൽ യൂറോയിൽ കളിക്കുന്നത്. 2016 ൽ ടീം കിരീടം നേടുമ്പോൾ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 130 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്
ഏറ്റവും കൂടുതൽ യൂറോകൾ കളിച്ച താരം, യൂറോയിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് ഉടമ പുറമെ കൂടുതൽ ഷൂട്ടൗട്ടുകളിൽ ഗോൾ നേടിയെന്ന റെക്കോഡുമായിട്ടാണ് ക്രിസ്റ്റ്യാനോ
യൂറോയിൽ നിന്ന് വിടപറയാൻ ഒരുങ്ങുന്നത്.