ചെന്നൈ: വെള്ളിയാഴ്‌ച വൈകുന്നേരം പെരമ്പൂരിൽ ബിഎസ്‌പി തമിഴ്‌നാട് യൂണിറ്റ് പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട റൗഡി ആർക്കോട്ട് വി സുരേഷിൻ്റെ ഇളയ സഹോദരൻ ഉൾപ്പെടെ എട്ട് പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പ്രതികാര കൊലപാതകമാണെന്ന് പോലീസ് വൃത്തങ്ങൾ വാദിക്കുന്നുണ്ടെങ്കിലും ക്രൂരമായ കൊലപാതകത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
മരണപ്പെട്ട ആർക്കോട് സുരേഷിൻ്റെ സഹോദരൻ പൊന്നൈ വി ബാലു (39), ഡി രാമു (38), കെ തിരുവെങ്ങാട്ടത്ത് (33), എസ് തിരുമലൈ (45), ഡി സെൽവരാജ് (48), ജി അരുൾ (33), കെ മണിവണ്ണൻ (25) ജെ സന്തോഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം സാന്തോമിൽ പട്ടാപ്പകൽ വെട്ടേറ്റ് മരിച്ച സുരേഷിൻ്റെ ബന്ധുക്കളും കൂട്ടാളികളുമാണ് പ്രതികളെല്ലാം.
2023 ഓഗസ്റ്റ് 18 ന് വൈകുന്നേരം 6 മണിയോടെ സുരേഷ് തൻ്റെ സുഹൃത്ത് മാധവനൊപ്പം ലൂപ്പ് റോഡിലൂടെ നടക്കുമ്പോൾ ഒരു സംഘം അവരെ വളഞ്ഞിട്ട് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഈ വർഷം ആദ്യം സുരേഷിൻ്റെ കൊലപാതകത്തിന് സാക്ഷിയായിരുന്ന മാധവനെ മറ്റൊരു സംഘം വെട്ടിക്കൊന്നിരുന്നു. സുരേഷിൻ്റെ കൊലപാതകവുമായി മാധവൻ്റെ കൊലപാതകത്തിന് ബന്ധമില്ലെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നു.
2010ൽ പൂനമല്ലി കോടതി കവാടത്തിൽ വെച്ച് കുപ്രസിദ്ധ റൗഡി ചെന്നകേശവലുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുരേഷ്.