തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തോടടുക്കുകയാണ്. എല്ലാ നൂതന സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി – IN NYY 1 എന്ന കോഡിലായിരിക്കും അന്താരാഷ്ട്ര തലത്തിൽ തുറമുഖം ഇനി അറിയപ്പെടുക. കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിരിക്കുന്നു. മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് കടക്കുംമുമ്പുള്ള ട്രയൽ റണ്ണിലാണ് ഇപ്പോൾ. ആയിരത്തിലധികം കണ്ടെയ്നറുകളുമായി യൂറോപ്പിൽ നിന്നുള്ള പടുകൂറ്റൻ കപ്പൽ ഈ മാസം 12ന് തുറമുഖത്തെത്തും. കണ്ടെയ്നറുകൾ മദർഷിപ്പിൽനിന്ന് ചെറുകപ്പലുകളിലേക്ക് ക്രെയിൻ മാർഗ്ഗം ഇറക്കാനും തിരികെ കയറ്റാനുമാണ് ലക്ഷ്യമിടുന്നത്. സെമി ഓട്ടോമാറ്റിക് ക്രെയിനുകൾ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധമാണ് സജ്ജീകരണം. സെപ്തംബര്‍ വരെ വിഴിഞ്ഞം ട്രയൽ റണ്ണിൻ്റെ തിരക്കിലായിരിക്കും.
ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാർ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും.
ട്രയൽ റൺ വിജയം കണ്ട് ഫൈനൽ വിസിൽ ഉയർന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. സെപ്തംബറിന് ശേഷമാണ് അത് പ്രതീക്ഷിക്കുന്നത്.