ഹരാരെ: ഇന്ത്യൻ ജഴ്സിയിലെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ സിംബാവെയ്ക്കെതിരെ രണ്ടാം ട്വിൻ്റി20 യിൽ ഇന്ത്യക്ക് 100 റൺസ് വിജയം. കേവലം 47 പന്തുകളിൽനിന്ന് എട്ട് സിക്സും ഏഴ് ഫോറും സഹിതമാണ് അഭിഷേകിൻ്റെ സെഞ്ചുറി. 100 റൺസെടുത്ത താരം 14-ാം ഓവറിൽ മസാകദ്സയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. സിംബാവെയുവായുള്ള
ശനിയാഴ്ച നടന്ന ആദ്യ ട്വിൻ്റി20യിൽ ആയിരുന്നു അഭിഷേക് ശർമ്മയുടെ ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റം.
ട്വിൻ്റി20 യിൽ ഉൾപ്പെടെ ഈ വർഷം 50 സിക്സ് തികച്ച് ഒരു കലണ്ടർ വർഷം ഒരിന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കാർഡും അഭിഷേക് സ്വന്തം പേരിലാക്കി. 46 സിക്സുകൾ നേടിയ രോഹിത് ശർമയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാവാനും അഭിഷേകിന് കഴിഞ്ഞു. 46 പന്തുകളിൽനിന്ന് കെ.എൽ. രാഹുലും സെഞ്ചുറി നേടിയിരുന്നു. 35 പന്തിൽനിന്ന് സെഞ്ചുറി നേടിയ രോഹിത് ശർമ, 45 പന്തിൽനിന്ന് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.
അവസാന പത്തോവറില്‍ 160 റണ്‍സാണ് ഇന്ത്യ നേടിയത്. ടിൻ്റി20 യില്‍ ഇന്ത്യ അവസാന പത്തോവറില്‍ നേടുന്ന റെക്കോഡ് സ്‌കോറാണിത്. 2007-ല്‍ കെനിയക്കെതിരേ നേടിയ 159 റണ്‍സാണ് ഇതിന് മുൻപത്തെ വലിയ സ്കോർ.
നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ
18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ഋതുരാജ് ഗെയ്ക്ക്വാദ് (47 പന്തിൽ 77) റിങ്കു സിങ് (22 പന്തിൽ 48 ) എന്നിവരും ഇന്ത്യൻ സ്കോർ 200 കടക്കാൻ കാരണക്കാരായി.ആവേശ് ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സിംബാബ്‌വെ നിരയിൽ വെസ്ലി മധ്‌വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്‌വെയും (23 പന്തില്‍ 27) പൊരുതിനോക്കി. പക്ഷെ, ലക്ഷ്യം അവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തിലായിപ്പോയി.