തിരുവനന്തപുരം: ഈ വർഷത്തെ ബി.ടെക് പരീക്ഷയിൽ വിജയശതമാനം കുറഞ്ഞ എൻജിനീയറിങ് കോളജുകളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് സർവ്വകലാശാലയുടെയും മറ്റ് കോളജുകളുടെയും സഹായത്തോടെയുള്ള പിന്തുണ ഉറപ്പാക്കുമെന്ന് സാങ്കേതിക സർവ്വകലാശാല (കെ.ടി.യു). സർവ്വകലാശാല വിളിച്ച സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഈ വർഷം മുതൽ നടപ്പാക്കുന്ന പരിഷ്ക്കരിച്ച പാഠ്യപദ്ധതിയുടെ സിലബസ് രൂപവത്കരണം അവസാനഘട്ടത്തിലാണെന്നും പുതിയ ബി.ടെക് ബാച്ചിന്റെ ആദ്യ സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് സിലബസ് പ്രസിദ്ധീകരിക്കുമെന്നും സർവ്വകലാശാല കോളജുകളെ അറിയിച്ചു.
അടുത്ത നാല് വർഷത്തെ അക്കാദമിക് കലണ്ടർ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. പരിഷ്ക്കരിച്ച പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ നൂതന എൻജിനീയറിങ് വിഷയങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലനം സർവ്വകലാശാലയുടെ മാനവവിഭവശേഷി വികസന കേന്ദ്രം വഴി നൽകും. ലാബ് പരീക്ഷകൾ തിയറി പരീക്ഷകൾക്ക് മുമ്പ് നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം അടുത്ത സെമസ്റ്റർ മുതൽ നടപ്പാക്കാനും തീരുമാനമായി. പരീക്ഷകൾക്കിടയിൽ മതിയായ ഇടവേളയുണ്ടാകും.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ (KTU) ഈ വർഷം 53 ശതമാനമാണ് അവസാന വർഷ ബി-ടെക്ക് പരീക്ഷയിലെ വിജയം. 26 കോളേജുകളിൽ 25 ശതമാനത്തിൽ താഴെയാണ് വിജയം. ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തെ എൻജിനീയറിങ്ങ് പഠന നിലവാരത്തെക്കുറിച്ച് ആശങ്കകളുയർന്നു.
ഇത്തവണ ഒരു വിദ്യാർത്ഥി പോലും വിജയിക്കാത്ത ഒരു കോളേജും ഉണ്ടായിരുന്നു. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകൾക്ക് മാത്രമാണ്