ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികൾ സുപ്രീംക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാകും ഹർജികൾ പരിഗണിക്കുക.
പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണനക്ക് വരും. നീറ്റ് യു.ജി. ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംക്കോടതിയുടെ അവധിക്കാല ബെഞ്ച് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.), വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജികൾ വേനൽ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
നീറ്റ് യു.ജി., യു.ജി.സി. നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇരുപതിലേറെ പേരെ സി.ബി.ഐ. അറസ്റ്റുചെയ്തിട്ടുണ്ട്.