തൃശൂർ: കേരളത്തിൽ കഴിഞ്ഞ 5വർഷത്തിനിടെ 36000 ത്തിലധികം ആത്മഹത്യകൾ നടന്നതായി കണക്കുകൾ. തൃശ്ശൂർ സ്വദേശിയും കെ.പി.സി.സി. സെക്രട്ടറിയായ അഡ്വ. ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളാണിത്. സംസ്ഥാനത്തെ 365 പോലീസ് സ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച ഈ കണക്കുകൾ കേരള മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
2019 മുതൽ 2024 മാർച്ച് 31 വരെ അഞ്ചു വർഷത്തിൽ ഓരോ പോലീസ് സ്റ്റേഷൻപരിധിയിലും എത്രപേർ ആത്മഹത്യ ചെയ്തു എന്നതായിരുന്നു ഷാജി കോടങ്കണ്ടത്ത് വിവര ശേഖരണം നടത്തിയത്. 485 പോലീസ് സ്റ്റേഷനിലേക്കും വിവരാവകാശ നിയമപ്രകാരം കത്തയച്ചെങ്കിലും 365 സ്റ്റേഷനുകളിൽ നിന്നാണ് മറുപടി ലഭിച്ചത്. കേരളത്തിലെ 365 പോലീസ് സ്റ്റേഷൻ പരിധിയില് ആത്മഹത്യ ചെയ്ത ആളുകളുടെ എണ്ണം ശരിക്കും ഞെട്ടിക്കുന്നത് തന്നെ. 36213 പേരാണ് കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ 21476 പുരുഷന്മാരും 5585 സ്ത്രീകളും 595 കുട്ടികളും ആണ്. പല പോലീസ് സ്റ്റേഷനിൽ നിന്നും കൃത്യമായിവിവരം ലഭിക്കാത്തതിനാൽ കണക്കുകൾ അപൂർണ്ണമാണ്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനിലേയും ശരിയായ കണക്ക് പരിശോധിച്ചാൽ ആത്മഹത്യ ശരാശരി 45,000. കടന്നേക്കും
ഏറ്റവും കൂടുതൽ ആത്മഹത്യ. പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് – 479 പേർ.രണ്ടാം സ്ഥാനം തൃശ്ശൂർ ഒല്ലൂരിനാണ് – 466. മൂന്നാമതുള്ള പാലക്കാട് കസബ പരിധിയിൽ 363 പേർ ആത്മഹത്യ ചെയ്തു.
വിഴിഞ്ഞം,നീണ്ടകര സ്റ്റേഷൻ പരിധിയിൽ അഞ്ചു വർഷത്തിൽ ആരും ആത്മഹത്യ ചെയ്തതായി രേഖയില്ലെന്നാണ് മറുപടി. ഏറ്റവും കൂടുതൽ ആത്മഹത്യ തിരുവനന്തപുരം ജില്ലയിലാണ്. അഞ്ചു വർഷത്തിൽ 4282 പേർ. ഏറ്റവും കുറവ് രേഖപ്പെടുത്തിയ കാസർഗോഡ് ജില്ലയിൽ 1293 ആളുകൾ . ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്ത കണക്കിലും തിരുവനന്തപുരം തന്നെ മുന്നിൽ. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത് 50 കഴിഞ്ഞ വരാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇവർക്കിടയിലെ പ്രധന വില്ലൻ.
പല പോലീസ് സ്റ്റേഷനുകളിലും കൃത്യമായ കണക്ക് വിവരാവകാശ നിയമപ്രകാരം പോലും നൽകുന്നില്ല എന്നതാണ് സത്യം. യഥാർത്ഥ കണക്ക് പുറത്ത് വരുമ്പോൾ നിരക്ക് ഇനിയും ഉയരുമെന്നുറപ്പ്!