ന്യൂ ഡൽഹി: ജീവനാംശം ദാനമല്ലന്നും, സ്ത്രീകൾകളുടെ അവകാശം ആണെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിവാഹ മോചിതയായ മുസ്ലിം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു. മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആകണം ജീവനാംശം തീരുമാനിക്കേണ്ടത് എന്ന വാദം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്.
തെലങ്കാന ഹൈക്കോടതി ഉത്തരവിന് എതിരെ മുഹമ്മദ് അബ്ദുൾ സമദ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2017 ൽ ആണ് മുഹമ്മദ് അബ്ദുൾ സമദും, ഭാര്യയും തമ്മിൽ മുസ്ലിം വ്യക്തി നിയമ പ്രകാരം വിവാഹമോചിതർ ആയത്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിവാഹ മോചിതർ ആയതിനാൽ മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആകണം വിവാഹ മോചനം നൽകേണ്ടത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ വാദം സുപ്രീം കോടതി തള്ളി.