പ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിലാണ് പരിശോധന നടന്നത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് (എംഎസ്എസ്) എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ, 56 കിലോ മാരിനേറ്റ് ചെയ്ത ചിക്കൻ എന്നിവ പിടിച്ചെടുത്തു. റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. കെഎഫ്‌സി ലൈസൻസി, തിരുപ്പൂരിലെ കെഎഫ്‌സി മെറ്റീരിയൽ ഗോഡൗണിനോടും മുംബൈയിലെ കെഎഫ്‌സി ആസ്ഥാനത്തെ നോമിനിയോടും എഫ്എസ്എസ്എഐയുടെ നിയുക്ത ഓഫീസർ മുമ്പാകെ ഹാജരാകാൻ സമൻസ് അയച്ചിട്ടുമുണ്ട്.
അംഗീകൃത ബയോഡീസൽ ഡീലർ ഉപയോഗിച്ച എണ്ണകൾ നീക്കം ചെയ്യുന്നതിൻ്റെ അളവ് കുറയുന്ന പശ്ചാത്തലത്തിലാണ്, അപ്രതീക്ഷിത പരിശോധന നടത്തിയതെന്ന് ഫുഡ് സേഫ്റ്റി നിയുക്ത ഓഫീസർ ഡോ. മാരിയപ്പൻ പറഞ്ഞു. എഫ്എസ്എസ്എഐ നിയമങ്ങൾ അനുസരിച്ച് ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല എന്നതിനാൽ ഔട്ട്‌ലെറ്റ് വഴി ഉപയോഗിച്ച എണ്ണ കൈകാര്യം ചെയ്യുന്നതിലേക്കാണ് പരിശോധന തിരിഞ്ഞത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. മാരിയപ്പൻ പറയുന്നതനുസരിച്ച്, ഭക്ഷ്യ സേവന ബിസിനസുകളിൽ എംഎസ്എസിന് സ്ഥാനമില്ല. ഉപയോഗിച്ച എണ്ണകൾ ശുദ്ധീകരിക്കാനുള്ള അഡിറ്റീവുകളൊന്നും FSSAI അനുവദിക്കുന്നില്ല. ഭക്ഷ്യ സുരക്ഷയെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ അനുസരിച്ച് ഉപയോഗിച്ച ഭക്ഷ്യ എണ്ണകളുടെ പുനരുപയോഗം പാടില്ല.
“എഫ്എസ്എസ് (ലൈസൻസിംഗ് ആൻഡ് രജിസ്ട്രേഷൻ) റെഗുലേഷൻസ്, 2011 അനുസരിച്ച്, ശീതീകരിച്ച ചിക്കൻ ദ്രവീകരണം (thawing) കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം, എന്നാൽ 24 മണിക്കൂറിന് ശേഷവും ഇവിടെ അത് ഉപയോഗിക്കുന്നു.” മാരിനേറ്റ് ചെയ്ത ചിക്കൻ പിടിച്ചെടുത്ത ശേഷം നിയുക്ത ഓഫീസർ പറഞ്ഞു,
മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് ലാബിൽ നിർമ്മിക്കുന്ന ഒരു തരം രാസ പദാർത്ഥമാണ്. ഇത് വെളുത്തതും മണമില്ലാത്തതും നേർത്തതുമായ പൊടിയാണ്. വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കും. പല മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാനും ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു. ജലത്തെ ആഗിരണം ചെയ്യുന്നതും ആൻറാസിഡ് ഗുണങ്ങളുള്ളതുമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്. ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്ത്യയിൽ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് നിരോധിച്ചിട്ടുണ്ട്.
പ്രസ്തുത വിഷയത്തിൽ വിശദീകരണവുമായി ഉടൻ കെഎഫ്സി രംഗത്തെത്തി. പാചകം ചെയ്യുന്നതിന് ശാസ്ത്രീയമായ രീതികളും അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കെഎഫ്സി ഇന്ത്യ വ്യക്തമാക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അംഗീകൃത വിതരണക്കാരിൽ നിന്നാണ് വാങ്ങുന്നതെന്നും കെഎഫ്സി വ്യക്തമാക്കി. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ അനുസരിച്ച്, മാരിനേറ്റ് ചെയ്ത ചിക്കൻ ഉൾപ്പെടെ എല്ലാ കെഎഫ്സി ചിക്കനും പാകം ചെയ്ത ശേഷം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. നിലവിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും കെഎഫ്സി വ്യക്തമാക്കി.