തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് തുറമുഖമെന്ന ഖ്യാതിയുമായി കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം ലോകത്തിൻ്റെ നെറുകയിലേക്ക്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ, കണ്ടെയ്‌നറുകളുമായി വിജയതീരമണഞ്ഞതോടെ മാരിടൈം ഭൂപടത്തിൽ IN NYY 1 എന്ന കോഡും സുവർണ്ണ ലിപിയിൽ എഴുതപ്പെട്ടു. ഒപ്പം, കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരദ്ധ്യായം കൂടി രചിച്ചു.
കേരളത്തിൻ്റെ നീണ്ട കാത്തിരിപ്പിൻ്റെ സ്വപ്ന സാക്ഷാത്കാരമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ തിരുമുഖം ഇന്ന് ലോകത്തിന് മുന്നിലേക്ക് തുറന്നു വെക്കുകയാണ്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. ചരക്ക് കപ്പലിൻ്റെ ട്രയൽ റൺ പൂർത്തിയാകുന്നതോടെ തുറമുഖം പ്രവർത്തന സജ്ജമാവും. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട സാൻ ഫെർണ്ടാണ്ടോ കപ്പൽ എട്ട് ദിവസമെടുത്തു വിഴിഞ്ഞത്ത് എത്താൻ. ജൂലൈ 2നാണ് കപ്പൽ സിയാമെനിൽ നിന്ന് പുറപ്പെട്ടത്. രണ്ടായിരം കണ്ടെയ്നറുകളാണ് കപ്പൽ വഹിക്കുന്നത്.
ബെർത്തിംഗ് പൂർത്തിയായ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം വരവേറ്റു. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിച്ചു. നാളെയാണ് ട്രയൽ റൺ.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഇമിഗ്രേഷൻ, കസ്റ്റംഗ് ക്ലിയറൻസ്. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും പൂർത്തിയായതും കൂറ്റൻ ക്രെയ്നുകൾ ചലിച്ചു തുടങ്ങി. കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വിഴിഞ്ഞത്തിൻ്റെ കര തൊട്ടു. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത ഓട്ടമേറ്റഡ് സംവിധാനം വഴിയാണ് ചരക്കിറക്കും കയറ്റവും നിയന്ത്രിക്കുന്നത്. എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ചാണ് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കുന്നത്. കപ്പലിൽ നിന്ന് കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.