വാറ്റ്കിന്‍സിലൂടെ വിജയഗോള്‍; നെതർലൻഡ്സിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

Date:

ഡോർട്ട്മുൺഡ്:  90-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസ് നേടിയ ഗോളിൽ നെതർലൻഡ്സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട്  ജയം തട്ടിയെടുത്തത്.   തുടർച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനൽ കളിക്കാൻ ഇംഗ്ലീഷ് ടീമിന് അവസരം കൈവന്നപ്പോൾ യൂറോ കപ്പ്
സെമിയിലെത്തിയ ആറാം തവണയും നെതർലൻഡ്സിന് ഫൈനൽ കാണാതെ മടങ്ങേണ്ടിവന്നു.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ സ്പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ഏഴാം മിനിറ്റിൽ സാവി സിമോൺസിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച് ടീമിനെതിരേ 18-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില നൽകി. മത്സരം നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം  അവശേഷിക്കെ പകരക്കാരനായെത്തിയ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന് ഫൈനൽ ബർത്ത് നൽകിയത്..എന്റെ

തുർക്കിക്കെതിരായ ക്വാർട്ടറിൽ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാൾഡ് കോമാൻ നെതർലൻഡ്സിനെ കളത്തിലിറക്കിയത്. സ്റ്റീവൻ ബെർഗ്വിന് പകരം ഡോൺയെൽ മാലെൻ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമിൽ സസ്പെൻഷൻ കഴിഞ്ഞ് മാർക് ഗുഹി തിരിച്ചെത്തിയപ്പോൾ എസ്രി കോൻസയ്ക്ക് സ്ഥാനം നഷ്ടമായി

നെതർലൻഡ്സ് ടീമിന്റെ തുടർസമ്മർദങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡോൺയെൽ മാലെനും സാവി സിമോൺസും കോഡി ഗാക്പോയും ചേർന്നുള്ള മുന്നേറ്റങ്ങൾ തുടക്കത്തിൽ ഇംഗ്ലണ്ട് പ്രതിരോധത്തെ സമ്മർദത്തിലാക്കി. എന്നാൽ പെട്ടെന്ന് കളിയിൽ താളം കണ്ടെത്തിയ ഇംഗ്ലണ്ട് തിരിച്ചും ആക്രമണമാരംഭിച്ചു. ബുകായോ സാക്കയും ഫിൽ ഫോഡനും ജൂഡ് ബെല്ലിങ്ങാമുമായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്.

സാവി സിമോൺസിന്റെ  കിടിലൻ ഷോട്ടിലൂടെ ഡച്ച് ടീമാണ് ആദ്യം ലീഡ് പിടിച്ചത്.  ഡെക്ലാൻ റൈസിൽ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോൺസിന്റെ കിടിലൻ ലോങ് റേഞ്ചർ തടയാൻ ഇംഗ്ലീഷ് ഗോളി ജോർദൻ പിക്ഫോർഡിനായില്ല. (1- 0)

ഗോൾ വീണതോടെ ഇംഗ്ലണ്ടിൻ്റെ കളിയാവേശം പതിന്മടങ്ങായി.13-ാം മിനിറ്റിൽ കെയ്നിന്റെ ഷോട്ട് ഡച്ച് ഗോളി വെർബ്രുഗ്ഗൻ രക്ഷപ്പെടുത്തിയെങ്കിലും വിട്ടുകൊടുക്കാൻ ഇംഗ്ലീഷ് പടതയ്യാറായിരുന്നില്ല. അടുത്തടുത്ത മുന്നേറ്റങ്ങളിലൂടെ ഡച്ച് ബോക്സ് വിറപ്പിച്ചുകൊണ്ടിരുന്നു. സാക്കയുടെ  മുന്നേറ്റത്തിനിടെ ലഭിച്ച പന്തിൽ നിന്നാണ് ഇംഗ്ലണ്ടിൻ്റെ സമനില ഗോളിൻ്റെ ആരംഭം. വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്നിനെതിരായ ഡെൻസെൽ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചു. ഏറെ നേരത്തേ വാർ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ൻ 18-ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ( 1- 1)

സമനില ഗോൾ നേടിയ ശേഷവും മറ്റൊരു ഗോളിനായുള്ള ഇംഗ്ലണ്ടിൻ്റെ വീര്യം മത്സരത്തെ വീറുറ്റതാക്കി. ഫിൽ ഫോഡനും ഫോം വീണ്ടെടുത്തതോടെ ഇംഗ്ലണ്ട് ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ഭാഗ്യം കൊണ്ടാണ്   നെതർലൻഡ്സ് കൂടുതൽ ഗോളിൽ നിന്ന് രക്ഷപ്പെട്ടത്.  ഒരു സമയം, കോർണറിൽ നിന്നുള്ള ഡംഫ്രീസിന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് മടങ്ങി. പിന്നീട് ഒരു തവണ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.

പന്ത് കൈവശംവെച്ച് കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ശ്രമിച്ചത്. ഡച്ച് ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റിൽ വാൻഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്ഫോർഡ് ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനെ കാത്തു. 75 മിനിറ്റിന് ശേഷമാണ് രണ്ടാം പകുതിയിൽ ഡച്ച് ആക്രമണങ്ങൾ കടുപ്പിച്ചത്.

പിന്നാലെ 79-ാം മിനിറ്റിൽ ഫോഡനും കൈൽ വാക്കറും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാൽക്കർ ഓഫ്സൈഡായിരുന്നതിനാൽ ഗോൾ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച് ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിർണയിച്ചത്. ഗോൾ ലക്ഷ്യമിട്ട് ഫോഡനെയും കെയ്നിനെയും പിൻവലിച്ച് കോൾ പാൽമറെയും ഒലി വാറ്റ്കിൻസിനെയും കളത്തിലിറക്കി. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പാൽമറുടെ പാസ് ബോക്സിനുള്ളിൽ സ്വീകരിച്ച് വാറ്റ്കിൻസിന്റെ കനത്ത ഷോട്ട് – ഗോൾ (1- 2 ) 

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...