ലക്ഷദ്വീപ് – മംഗളൂർ അതിവേഗ കപ്പല്‍ : സർവ്വീസ് പുനരാരംഭിച്ചത് സന്ദർശകർക്ക് ആവേശമാകുന്നു

Date:

കോവിഡ് സമയത്ത് നിര്‍ത്തിവെച്ച ലക്ഷദ്വീപ് – മംഗളൂർ അതിവേഗ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിച്ചത് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ആവേശമുണർത്തുകയാണ്.
ലക്ഷദ്വീപില്‍ നിന്നുള്ള അതിവേഗ കപ്പലായ ‘എം.എസ്.വി പരളി’ യാത്രക്കാരുമായി വ്യാഴാഴ്ചയാണ് വീണ്ടും മംഗലാപുരം തുറമുഖത്ത് എത്തിയത്. 160 യാത്രക്കാരുള്ള ആദ്യ ബാച്ചുമായി എത്തിയ കപ്പലിൽ പൈലറ്റും ചീഫ് എഞ്ചിനീയറും ഉള്‍പ്പടെ എട്ട് പേരാണ് ജീവനക്കാരായി ഉള്ളത്.

ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താന്‍ ദ്വീപുകളെ മംഗളുരുവുമായി ബന്ധിപ്പിച്ചുകൊണ്ട് കടലിന്റെ ഭംഗിയും സാഹസികതയും ആസ്വദിച്ചുള്ള യാത്രയാണ് ഈ സര്‍വ്വീസ്. ഏഴ് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ലക്ഷദ്വീപിലെത്താമെന്നതാണ് ഈ സര്‍വ്വീസിന്റെ പ്രത്യേകത. അതേസമയം ഈ ദൂരം താണ്ടാൻ നേരത്തെ 13 മണിക്കൂറാണ് എടുത്തിരുന്നത്. 650 രൂപയാണ് യാത്രാ നിരക്ക്. പുതിയ കപ്പലിന് അതിവേഗ കണക്റ്റിവിറ്റി ഉണ്ടെന്ന് മാത്രമല്ല, മുമ്പത്തെ കപ്പലുകളേക്കാൾ കൂടുതൽ സൗകര്യപ്രദവുമാണ്. കാർഗോ കാരിയറിൽനിന്ന് പാസഞ്ചർ കാരിയറാക്കി മാറ്റിയിട്ടുമുണ്ട്. യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം.

പരിമിതമായ യാത്രാ സംവിധാനങ്ങള്‍ മാത്രമുള്ള ലക്ഷദ്വീപിലേക്ക് അതിവേഗകപ്പൽ യാത്ര പുനരാരംഭിച്ചത് കൂടുതൽ സഞ്ചാരികളെ ഇവിടേക്കെത്തിച്ചേക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ ഉയര്‍ത്തിക്കാണിക്കുന്ന ക്യാംപെയിനുകൾ സജീവമായി നിൽക്കുന്ന വേളയിൽ. ഈ
ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് ലക്ഷദ്വീപിലേക്കുള്ള ഗതാഗത സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ പെട്ടെന്ന് തീരുമാനമെടുത്തത്. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികളാണ് ഇപ്പോള്‍ ലക്ഷദ്വീപിലേക്കെത്തുന്നത്.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പമല്ല ലക്ഷദ്വീപ് യാത്ര. ലക്ഷദ്വീപുകാര്‍ അല്ലാത്തവര്‍ക്ക് ടിക്കറ്റെടുക്കാന്‍ മറ്റ് അനുമതികള്‍ കൂടി നിലവില്‍ ലഭിക്കണം. ആദ്യം വേണ്ടത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. ഇതുണ്ടെങ്കില്‍ മാത്രമേ ലക്ഷദ്വീപിലേക്ക് കപ്പലിലും പോകാന്‍ സാധിക്കൂ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സന്ദര്‍ശക പെര്‍മിറ്റ് കൂടി ഉണ്ടെങ്കിലേ കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കപ്പല്‍യാത്രയ്ക്ക് വലിയ തിരക്കായതിനാല്‍ രണ്ടുമാസം
മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർ ശ്രദ്ധിക്കണം.

ഈയിടെ മാത്രം ആരംഭിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിൻ്റെ ലക്ഷദ്വീപ് പ്രതിദിന വിമാന സര്‍വ്വീസും സഞ്ചാരികൾക്ക് ഏറെ അനുഗ്രഹമാണ്. ആദ്യമായിട്ടാണ് കേരളത്തിൽ നിന്ന് ഒരു വിമാനക്കമ്പനി ലക്ഷദ്വീപിലേക്ക് പ്രതിദിന സർവ്വീസ് നടത്തുന്നത്. കോഴിക്കോട്
വിമാനത്താവളത്തില്‍ നിന്നു  കൊച്ചി വഴിയാണ് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള സര്‍വ്വീസ്. 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കരിപ്പൂരില്‍നിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന്  കൊച്ചിയില്‍ എത്തുന്ന വിമാനം അവിടെനിന്ന് 11.25നു യാത്രയാരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയില്‍ എത്തിച്ചേരും. അതേദിവസം അഗത്തിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന്  കൊച്ചിയിലും അവിടെ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ടും എത്തും. ബെംഗളൂരു-അഗത്തി റൂട്ടില്‍ ഇന്‍ഡിഗോ നേരത്തെ തന്നെ നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നുണ്ട്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...