കൊച്ചി: സോഫ്ട് വെയർ രംഗത്തെ അതികായരായ ഐ.ബി.എം കേരളത്തിൽ നിർമ്മിത ബുദ്ധി ഇന്നവേഷൻ കേന്ദ്രം തുടങ്ങാനൊരുങ്ങുന്നു. കേരളമാണ് അതിന് അനുയോജ്യമായ ഇടമെന്നും ഐ ബി എം തിരിച്ചറിയുന്നു. ഐ ബി എം സീനിയർ വൈസ് പ്രസിഡന്റും മലയാളിയുമായ ദിനേശ് നിർമലിൻ്റെ വാക്കുകൾ അതിന് ബലമേകുന്നു.
കമ്പനി കേരളത്തിലേയ്ക്ക് വരുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മികച്ച പിന്തുണയാണ് സർക്കാരിൽനിന്ന് ലഭിക്കുന്നതെന്ന് ദിനേശ് നിർമൽ പറഞ്ഞു. വൈദഗ്ധ്യമുളള ജീവനക്കാരെ ലഭിക്കുന്നുവെന്നതാണ് കേരളത്തിലെ ഏറ്റവും വലിയ മെച്ചമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ ബി എമ്മിന് കേരളത്തെക്കുറിച്ച് പറയാൻ നല്ലതുമാത്രമേയുളളു. ഇവിടേയ്ക്ക് വരുമ്പോൾ ആശങ്കകള്‍ ഏറെയായിരുന്നുവെന്ന കാര്യം വൈസ് പ്രസിഡൻ്റ് ദിനേശ് നിർമൽ മറച്ചുവെച്ചില്ല. എന്നാൽ ഒരു പ്രശ്നവുമുണ്ടായില്ലെന്ന് മാത്രമല്ല, രണ്ട് വർഷത്തിനിടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയോടടുത്തതായും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ എ ഐ കോൺക്ലേവിന് എത്തിയതായിരുന്നു ദിനേശ് നിർമൽ.
“100 പേരുമായി ഒരു ചെറിയ യൂണിറ്റാണ് ഐബിഎം കേരളത്തിൽ പ്ലാൻ ചെയ്തതെങ്കിലും ഒരു വർഷത്തിനുള്ളിൽ 2000 പേരെ റിക്രൂട്ട് ചെയ്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 2 സോഫ്റ്റ് വെയറുകൾ ഡെവലപ്പ് ചെയ്യാൻ സാധിച്ചു. അത്രയും മികച്ച മാനവ വിഭവ ശേഷിയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന നാടാണ് കേരളം. അതുകൊണ്ടുതന്നെ ഇനി കേരളത്തിന്റെ ഊഴമാണ്.” ദിനേശ് നിർമൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രാവീണ്യമുളള മനുഷ്യവിഭവശേഷിയാണ് കേരളത്തിൻറെ ഏറ്റവും വലിയ നേട്ടം.സ്റ്റാർട്ടപ്പുകളും സർ സർവ്വകലാശാലകളുമായി കേരളത്തിൽ ഐ ബി എം സഹകരിക്കുന്നുണ്ട്. യുവതലമുറയ്ക്ക് തൊഴിൽ പ്രാവീണ്യം നൽകാൻ നിരവധി പദ്ധതികൾ തയ്യാറാക്കുന്നു. സോഫ്റ്റ് വെയർ മേഖലയിൽ ബംഗലുരുവിൽനിന്നും ചെന്നൈയിൽനിന്നും ഉൾപ്പെടെ കേരളത്തിലേയ്ക്ക് മലയാളികളുടെ തിരിച്ചുവരവ് നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം സ്വദേശിയായ ദിനേശ് നിർമൽ ഐ ബി എം വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമ്പനിയുടെ പുതിയ ഉല്പന്നങ്ങൾ, കണ്ടുപിടുത്തങ്ങൾ, നിർമ്മിതബുദ്ധി, സാങ്കേത്കവിദ്യ, വികസനം, മാർക്കറ്റ്, പുതിയ തൊഴിൽ മേഖലകൾ തുടങ്ങിയവയുടെയെല്ലാം ചുമതലക്കാരനാണ്.
ഇത്രയും വലിയ ഒരു കോൺക്ലേവ് എന്തുകൊണ്ട് ഐബിഎം കേരളത്തിൽ സംഘടിപ്പിക്കുന്നു എന്ന ചോദ്യത്തിന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ പറഞ്ഞ വാക്കുകളിൽ തന്നെയുണ്ട് അതിൻ്റെ പ്രതിഫലനം.