ന്യൂഡൽഹി: അനധികൃത പണമിടപാട് തടയൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്യും മുമ്പ് ആ വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ നിരപരാധിയാക്കുകയോ ചെയ്യുന്ന തെളിവുകൾ പരിഗണിക്കാതിരിക്കുകയോ തള്ളുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പി.എം.എൽ.എ 19 (1) വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുവരുത്തുകയെന്നാൽ നിയമവിരുദ്ധമായ കാര്യങ്ങൾ എല്ലാവരോടും ഒരുപോലെ ആവർത്തിക്കലല്ല എന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
സാധാരണഗതിയിൽ അറസ്റ്റിനുള്ള മാനദണ്ഡങ്ങൾ തന്നെ പി.എം.എൽ.എ 19 (1) വകുപ്പ് പ്രകാരമുള്ള അറസ്റ്റിനും മതിയോ? അതല്ലെങ്കിൽ സാധാരണ മാനദണ്ഡങ്ങൾക്കപ്പുറത്ത് ‘അറസ്റ്റിന്റെ ആവശ്യകത’ എന്നതിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ടോ? ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ഇതേ നിയമത്തിലെ 41ാം വകുപ്പിലെ വാറന്റില്ലാത്ത അറസ്റ്റിനുള്ള വകുപ്പുകൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീം കോടതി ഇത്തരത്തിൽ ഇഴകീറി അഭിപ്രായപ്രകടനം നടത്തിയത്. ഇ.ഡി കേസുകളുടെ സ്ഥിതിവിവരക്കണക്കുകൾ കൂടി ഉദ്ധരിച്ചായിരുന്നു പരാമർശം.
2024 ജനുവരി 31 വരെ 5906 കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തതിൽ 531 കേസുകളിൽ മാത്രമാണ് സർച് വാറന്റുകൾ പുറപ്പെടുവിച്ചത്. ഈ കേസുകൾക്കായി 4954 വാറന്റുകൾ പുറപ്പെടുവിച്ചു. ഇ.ഡിയുടെ അറസ്റ്റിലായവർ 513 ആണ്. പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചതാകട്ടെ 1142 കേസുകളിലും. എം.പിമാർക്കും എം.എൽ.എമാർക്കും എം.എൽ.സിമാർക്കുമെതിരെയുള്ള ആകെ ഇ.ഡി കേസുകൾ 176 ആണ്. ഈ കണക്കുകൾ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പി.എം.എൽ.എ 41ാം വകുപ്പ് പ്രകാരം തുടർ കുറ്റകൃത്യം തടയാനോ മതിയായ അന്വേഷണത്തിനോ ഒളിവിൽ പോകുന്നതും തെളിവ് നശിപ്പിക്കുന്നതും തടയാനോ കേസുമായി ബന്ധപ്പെട്ട വ്യക്തികളെ ഭീഷണിപ്പെടുത്താതിരിക്കാനോ കോടതിയിൽ അയാളുടെ സാന്നിധ്യം ഉറപ്പുവരുത്താനോ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. അതേസമയം, ഇതേ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം കേവലം അന്വേഷണത്തിന് വേണ്ടി മാത്രം അറസ്റ്റ് ചെയ്യാനാവില്ല എന്നും പറയുന്നു. ഇക്കാര്യത്തിൽ വിശാലമായ ഭരണഘടനാ ബെഞ്ചാണ് വ്യക്തത വരുത്തേണ്ടത്.
ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ കെജ്രിവാളിന്റെ കാര്യത്തിൽ ‘അറസ്റ്റിന്റെ ആവശ്യകത’ ഉണ്ട് എന്നാണ് ഇ.ഡി വാദിച്ചത്. എന്നാൽ, 2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത് അറസ്റ്റിന് കാരണമായി പറയുന്ന മൊഴികളെല്ലാം രേഖപ്പെടുത്തിയ കേസിൽ 2023 മാർച്ച് 21ന് ‘അറസ്റ്റിന്റെ ആവശ്യകത’ ഇല്ലായിരുന്നുവെന്നാണ് കെജ്രിവാൾ വാദിച്ചത്