ജലന്ധർ: പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പി നേതാവ് മൊഹീന്ദർ ഭഗത് 37,375 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിയുടെ ശീതൾ അംഗുരൽ, കോൺഗ്രസിന്‍റെ സുരീന്ദർ കൗർ എന്നിവരെ പിന്നിലാക്കിയാണ് 64 കാരനായ ഭഗതിന്‍റെ ജയം. മാർച്ചിൽ എ.എ.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാവാണ് ശീതൾ. സിറ്റിങ് എം.എൽ.എ ആയിരുന്ന ശീതൾ പാർട്ടി മാറി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം അടുത്തിടെ ബി.ജെ.പിയിൽനിന്ന് എ.എ.പിയിലേക്കെത്തിയ നേതാവാണ് മൊഹീന്ദർ ഭഗത്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചുന്നി ലാൽ ഭഗതിന്‍റെ മകനായ മൊഹീന്ദർ, 2022 ൽ ഇതേ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി പഞ്ചാബിലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.
ശീതർ അംഗുരൽ 4253 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ 2022ൽ എ.എ.പി സ്ഥാനാർത്ഥിയായി ജലന്ധർ വെസ്റ്റിൽ ജയിച്ചിരുന്നു. ശീതൾ പാർട്ടി മാറിയതോടെ ഇവിടെ എ.എ.പിയുടെ അഭിമാന പോരാട്ടം കൂടിയായി. മുഖ്യമന്ത്രി ഭഗവന്ത് മൻ മണ്ഡലത്തിൽ താമസിച്ചാണ് പ്രചാരണം നടത്തിയത്.
ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ എഎപിക്ക് 117 അംഗ നിയമസഭയിൽ 90 എന്ന സംഖ്യ ഉറപ്പിക്കാനായി. കോൺഗ്രസിന് -13, ശിരോമണി അകാലിദൾ -മൂന്ന്, ബി.ജെ.പി -രണ്ട്, ബി.എസ്.പി – ഒന്ന്, സ്വതന്ത്രർ – മൂന്ന് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം.