(ഫോട്ടോ കടപ്പാട്: PTI)
ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13- ൽ 10 സീറ്റും ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ 13 ല്‍ 11 ഇടത്തും ഇന്ത്യാ സഖ്യം ലീഡ് നേടിയിരുന്നു. ബാക്കി വന്ന സീറ്റുകളിൽ ബിജെപി രണ്ടും ഒരു സീറ്റ് സ്വതന്ത്രനും നേടി.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്.
പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) മൊഹീന്ദർ ഭഗത് വിജയിച്ചു. തമിഴ്‌നാട്ടിൽ വിക്രവണ്ടി നിയമസഭാ മണ്ഡലത്തിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (ഡിഎംകെ) അന്നിയൂർ ശിവ വിജയിച്ചു.
പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും തൃണമൂൽ കോൺഗ്രസ് (ടിഎംസി) തൂത്തുവാരി. കൃഷ്ണ കല്യാണി റായ്ഗഞ്ചിൽ ബിജെപിയുടെ മനസ് കുമാർ ഘോഷിനെയും മുകുത് നാമി അധികാരി രണഘട്ട് ദക്ഷിണിൽ ബിജെപിയുടെ മനോജ് കുമാർ ബിശ്വാസിനെയും മധുപർണ താക്കൂർ ബഗ്ദയിൽ ബിജെപിയുടെ ബിനയ് കുമാർ ബിശ്വാസിനെയും പരാജയപ്പെടുത്തി. മണിക്തലയിൽ ബിജെപിയുടെ കല്യാൺ ചൗബെയെയാണ് സുപ്തി പാണ്ഡെ പരാജയപ്പെടുത്തിയത്
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യയും കോൺഗ്രസ്സ്ഥാ നാർത്ഥിയുമായ കമലേഷ് താക്കൂർ ബിജെപിയുടെ ഹോഷിയാർ സിങ്ങിനെ പരാജയപ്പെടുത്തി ഡെഹ്‌റ നിയമസഭാ സീറ്റിൽ വിജയിച്ചു. നലഗഢിൽ കോൺഗ്രസിൻ്റെ ഹർദീപ് സിംഗ് ബാവ വിജയിച്ചു. ഹമീർപൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി ആശിഷ് ശർമ്മ 27,041 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിൻ്റെ പുഷ്പീന്ദർ വർമ്മ 25,470 വോട്ടുകൾ നേടി.
ഉത്തരാഖണ്ഡിൽ ബദരിനാഥ്, മംഗ്ലൂർ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ ലഖപത് സിംഗ് ബുട്ടോളയും ഖാസി മുഹമ്മദ് നിസാമുദ്ദീനും വിജയിച്ചു. മധ്യപ്രദേശിലെ അമർവാര അസംബ്ലി സീറ്റിൽ ബിജെപിയുടെ കംലേഷ് പ്രതാപ് ഷാ വിജയിച്ചപ്പോൾ ബിഹാറിലെ റുപൗലി സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് വിജയിച്ചു.