തൃശൂർ: കേരള കലാമണ്ഡലം വിദ്യാർത്ഥികൾക്ക് ഇനി മാംസാഹാരം രുചിക്കാം. ഒപ്പം ഐസ്‌ക്രീമും.
94 വർഷത്തിന് ശേഷമാണ് പുതിയ തീരുമാനം. വിദ്യാർത്ഥികളുടെ ഇഷ്ടമുള്ള ഭക്ഷണം എന്ന ആവശ്യമാണ് നടപ്പിലാക്കുന്നത് എന്ന് രജിസ്ട്രാർ ഡോക്ടർ പി രാജേഷ് കുമാർ പറഞ്ഞു.
കലാമണ്ഡലം ഹോസ്റ്റൽ മെസ്സിലും ക്യാന്റീനിലും കഴിഞ്ഞ 94 വർഷമായി മാംസാഹരം വിളംബിയിരുന്നില്ല . ഇഷ്ടപ്പെട്ട ആഹാരം നൽകണം എന്ന ആവശ്യം വർഷങ്ങളായി വിദ്യാർത്ഥി യൂണിയനുകൾ ഉന്നയിക്കുന്നതാണ്. ഒടുവിൽ കഴിഞ്ഞ ദിവസം ഭരണ സമിതി പുതിയ തീരുമാനമെടുത്തു. ഇനി മുതൽ മാസത്തിൽ രണ്ട് തവണ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകും. തീരുമാനം വ്യാഴാഴ്ച നടപ്പിലാക്കി. വൈസ് ചാൻസിലറും രജിസ്ട്രാറും അദ്ധ്യപകരും ഒപ്പം ഇരുന്ന് ബിരിയാണി കഴിച്ചു.
480-ഓളം വിദ്യാർത്ഥികൾക്ക് ചിക്കൻബിരിയാണിയും മുപ്പതോളം വിദ്യാർത്ഥികൾക്ക് വെജിറ്റേറിയൻ ബിരിയാണിയും നൽകി. മെസ്സിൽ സൗകര്യമില്ലാത്തതിനാൽ വിയ്യൂർ ജയിലിൽ ഫ്രീഡം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ബിരിയാണിയാണ് വിതരണംചെയ്തത്. വൈസ് ചാൻസലറും രജിസ്ട്രാറും അധ്യാപകരും എല്ലാവരും ചേർന്നാണ് ഭക്ഷണംകഴിച്ചത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിച്ചു.
വൈവിധ്യമാർന്ന പശ്ചാത്തലത്തിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെയുള്ളപ്പോൾ ഇഷ്ടമുള്ള ഭക്ഷണത്തിനായുള്ള ആവശ്യം തെറ്റല്ലെന്ന് രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.