മഴയോട് മഴ, കാറ്റോട് കാറ്റ്! മരം വീണും വീടുകൾ തകർന്നും നാശനഷ്ടങ്ങൾ; 19 വരെ ശക്തമായ മഴ തുടരും.

Date:

തിരുവനന്തപുരം: കേരളമെങ്ങും പെയ്തിറങ്ങിയ കനത്ത മഴ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ, ജൂലൈ 19 വരെ ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ്‌റഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, നാദാപുരം, മാവൂർ, കുറ്റിയാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാദാപുരത്ത് ഇരുനില വീട് മഴയിൽ തകർന്നു. വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാവൂരിലെ തെങ്ങിലക്കടവ്, കണ്ണിപ്പറമ്പ് ഭാഗങ്ങളിൽ രണ്ട് വീടുകളിലാണ് കിണർ ഇടിഞ്ഞത്. ജില്ലയിലെ കരുവാരക്കുണ്ട് മേഖലയിലും മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി, കുറ്റിയാടി റോഡിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒഞ്ചിയം, കോട്ടൂർ, പയ്യോളി എന്നിവയുൾപ്പെടെ വടക്കൻ ഗ്രാമപ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു.

ശക്തമായ കാറ്റിനൊപ്പമുള്ള മഴയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണും വൈദ്യുതി ലൈനുകൾ പൊട്ടിവീണും ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ കൈനകരിയിൽ ശക്തമായ കാറ്റിനൊപ്പം മഴയിൽ മൂന്ന് വീടുകളുടെ മേൽക്കൂര തകർന്നു.

പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ചൊവ്വാഴ്ച പുലർച്ചെ ആലുവ മഹാദേവ ക്ഷേത്രവും പരിസരവും പൂർണ്ണമായും വെള്ളത്തിനടിയിലായി

കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ജൂലൈ 15 മുതൽ 17 വരെ കേരളത്തിൽ ഇടയ്ക്കിടെ 30-40 കിലോമീറ്റർ വേഗതയിലും 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്.

തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇടതടവില്ലാതെ ചൊവ്വാഴ്ചയും തുടരുകയാണ്. കോട്ടയം ജില്ലയിൽ തിങ്കളാഴ്ച മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. കഞ്ഞിക്കുഴി കെ.കെ.റോഡിൽ തിങ്കളാഴ്ച രാത്രി സംസ്ഥാന ഭവനനിർമാണ ബോർഡ് ഓഫിസിനു മുന്നിലെ റോഡിലേക്ക് കൂറ്റൻ മരം വീണതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും പലയിടത്തും വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടുന്നു.

മോശം കാലാവസ്ഥ കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ രാത്രികാല യാത്ര നിരോധിച്ചു. ഉത്തരവ് പ്രകാരം രാത്രി 7 മുതൽ രാവിലെ 6 വരെ ആളുകൾക്ക് യാത്ര ചെയ്യുന്നതിൽ നിയന്ത്രണമുണ്ട്. ജില്ലയിലെ റോഡുകളുടെ ഇരുവശത്തുമുള്ള വെള്ളച്ചാട്ടങ്ങളിൽ വിനോദസഞ്ചാരികൾ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...