‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം.’ – ആസിഫ് അലിക്ക് പിന്തുണ; രമേശ് നാരായണനോടുള്ള പ്രതിഷേധങ്ങൾ നിലയ്ക്കുന്നില്ല

Date:

കൊച്ചി: പുരസ്കാര ദാന ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണൻ പരസ്യമായി ആക്ഷേപിച്ചതിലുള്ള പ്രതിഷേധം നിലയ്ക്കുന്നില്ല. സംഭവം വിവാദമായതോടെ ചാനലുകൾക്ക് മുൻപിൽ രമേശ് നാരായണൻ വിശദീകരണം നൽകിയിരുന്നെങ്കിലും സിനിമ – സാഹിത്യ – രാഷ്ട്രീയ മേഖലയിൽ നിന്നെല്ലാം ഇപ്പോഴും രമേശ് നാരായണനെതിരെ രൂക്ഷമായി വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം, അമ്മ ആസിഫിനൊപ്പം’ – അഭിനേതാക്കളുടെ സംഘടന ഇൻസ്റ്റഗ്രാം പേജിൽ ആസിഫിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് പിന്തുണയറിയിച്ചു.

‘തലയിൽ കൊമ്പ് മുളച്ച തമ്പുരാക്കന്മാരുടെ മേലാളഭാവങ്ങൾ കൊണ്ട് ഭൂമി മലയാളം വീർപ്പു മുട്ടുന്ന കാലത്ത്, പ്രിയ മകനേ, നിന്നെ പോലെ വിനയം ഭൂഷണമാക്കി, പ്രസാദാത്മകമായ നറുചിരിയുടെ പ്രകാശം പരത്തി, പോസിറ്റിവിറ്റിയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന ചെറുപ്പക്കാർ നമ്മുടെയെല്ലാം പ്രത്യാശയാണ്. ‘ എന്ന് തുടങ്ങിക്കൊണ്ടാണ് മന്ത്രി ഡോ. ആർ. ബിന്ദു ആസിഫിന് പിന്തുണയുമായി സമൂഹമാധ്യമത്തിലെത്തിയത്.
‘ആർക്കും അവഗണിച്ച് ഇല്ലാതാക്കാൻ കഴിയാത്ത കലാപ്രതിഭയുടെ ഉടമയായി യശസ്സിന്റെ ആകാശങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കാനാകട്ടെ. ഇകഴ്ത്തിയും താഴ്ത്തിക്കെട്ടിയും മറ്റുള്ളവരെ അപമാനിക്കുകയും തന്നെ കുറിച്ചു തന്നെ വൻപ് വിചാരിക്കുകയും ചെയ്യുന്ന അൽപ്പന്മാർ ആ ഉയർച്ച കണ്ട് തല താഴ്ത്തട്ടെ.’ എന്നിങ്ങനെയുള്ള ആശംസയോടുകൂടിയാണ് മന്ത്രിയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്

ആസിഫ് അലിയോട് രമേഷ് കാണിച്ച പ്രതികരണം ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണെന്നാണ് വടകര എം എൽ എ കെ കെ രമ പ്രതികരിച്ചത്.
‘കലയും സംസ്കാരവും സാഹിത്യവും എല്ലാം മനുഷ്യ നന്മകളുടെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ബാക്കിപത്രവും വിളംബരവുമാവേണ്ടതാണ്. ചരിത്രത്തിന്റെ ദുർഘടസന്ധികളിൽ മനുഷ്യസങ്കടങ്ങളിൽ മരുന്നാവുകയും അതിജീവനത്തിൽ കരുത്താവുകയും ആനന്ദങ്ങളിൽ കൂട്ടിയിരിക്കുകയും ചെയ്തവയാണ് കലയും സാഹിത്യവുമെല്ലാം. എന്നാൽ അടിസ്ഥാനപരമായി ഫ്യൂഡലായ ആരാധനകളുടെയും അടിമനോഭാവങ്ങളുടെയും ആഘോഷങ്ങൾ ഇപ്പോഴും കലാരംഗത്ത് കാണാം. അതിന്റെ തുടർച്ചയിലാണ് തനിക്ക് പോരാത്തവനാണ് ആസിഫ് അലി എന്ന് രമേഷ് നാരായാണന് തോന്നിയിട്ടുണ്ടാവുക. ആധുനിക ജനാധിപത്യമൂല്യങ്ങൾ കലയുടെ മണ്ഡലത്തിൽ കൂടി സമരം ചെയ്ത് സ്ഥാപിച്ചാലല്ലാതെ ഇത്തരം നീതികേടുകൾ അവസാനിക്കുകയില്ല.
ഈ വിഷയത്തിലെ പോസിറ്റീവായ ഒരു കാര്യം അത്തരം ഒരു സംവാദ സാധ്യത അത് തുറന്നു എന്നതാണ്. അതുകൊണ്ട് കൂടെയാണ് രമേഷ് നാരായണൻ ആസിഫിനോട് മാപ്പ് പറയാൻ തയ്യാറായത്. ആ വേദിയിൽ താൻ നേരിട്ട അവഗണനയെക്കുറിച്ച് രമേഷും പറയുന്നത് കേട്ടു. അതും തിരുത്തപ്പെടേണ്ടതാണ്. പക്ഷേ അതിൻ്റെ ഇരയാവേണ്ടത് ആസിഫ് അലി എന്ന യുവനടനായിരുന്നില്ല എന്ന് രമേഷ് തിരിച്ചറിയണം. ‘
അവഹേളനം നേരിട്ട സന്ദർഭത്തിലും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അഭിനന്ദനമർഹിക്കുന്നു എന്ന് കൂടി ചേർത്താണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ആലപ്പുഴ എം എൽ എ പി.പി. ചിത്തരജ്ജനും ‘ആസിഫ് അലിക്ക് ഒപ്പം’ – “കലാകാരന്മാർ കരുത്തരാണ്, കാരണം അവർ കഴിവുകൊണ്ട് കുറേ ഹൃദ്യങ്ങളെ വല്ലാതെ തങ്ങളിലേക്ക് ചേർത്ത് വെച്ചിട്ടുണ്ട്. ഒറ്റപ്പെടുത്താൻ നോക്കുന്നവർ കുറച്ച് കഷ്ടപ്പെടും… ആസിഫ് അലിയ്ക്ക് ഒപ്പം” ചിത്തരജ്ജൻ ഫെയ്സ്ബുക്കിൽ എഴുതി.

എഴുത്തുകാരി ശാരദക്കുട്ടിയും സുധാ മേനോനും ആസിഫ് അലിയെ പിന്തുണച്ചെത്തി.

‘ആസിഫ് അലിയെ ബോധപൂർവ്വം അപമാനിക്കാനായി രമേശ് നാരായണൻ കളിച്ച നാടകം അദ്ദേഹത്തിന്‍റെയും ആ സംഗീതത്തിന്‍റെയും വില കെടുത്തി. സ്വയം വലുതാക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർ ചെറുതാക്കപ്പെടുക തന്നെ ചെയ്യും. സംവിധായകൻ ജയരാജ് അതിനു കൂട്ടുനിന്നപ്പോൾ അമ്മാവൻ സിൻഡ്രോം പൂർണ്ണമായി. കാലഹരണപ്പെട്ടവർക്ക് ഡ്രാമയിലൂടെയും രക്ഷയില്ല. ആസിഫ് അലിക്കൊപ്പം മാത്രം -ശാരദക്കുട്ടി പറഞ്ഞു.

സുധാ മേനോൻ ആസിഫലിക്ക് പിന്തുണയറിയിച്ച് കുറിച്ചതിങ്ങനെ – ‘മനുഷ്യാന്തസ്സിനെ വിലമതിക്കുന്നതാണ് സംസ്കാരം. അതില്ലാത്തവർ എത്ര വലിയ പാട്ടുകാരനായിട്ട് എന്ത് കാര്യം? ആസിഫ് അലീ… ആ വേദിയിൽ ആകാശം മുട്ടെ വളർന്നത് താങ്കൾ തന്നെയാണ്. സ്നേഹം’

ആലപ്പി അഷ്റഫ്, ആസിഫിന് പിന്തുണ അറിയിക്കുന്നതോടൊപ്പം രമേശ് നാരായണനോടുള്ള കടുത്തപ്രതിഷേധവും രേഖപ്പെടുത്തുന്നു – ‘കലാമണ്ഡലംകാരി കലാഭവൻ മണിയുടെ അനുജനോട്കാട്ടിയ അതേ മനോഭാവം. ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ
മാലിന്യം നിറഞ്ഞ മനസ്സാണ് അയാൾക്ക്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും ഒരു അപസ്വരം.
വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്ക് മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണ്. വീഡിയോ കണ്ടവരെ വിഡ്ഢികളാക്കിക്കൊണ്ടു്, മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളം പറയുന്നു.
“ആസിഫിനെ മുതുകത്ത് തട്ടി തലോടി” എന്നൊക്കെ. അല്പത്തരവും ധാർഷ്ട്യവും കാണിച്ചവരെല്ലാം മലാളികളുടെ മനസ്സിൽ എന്നും ഒറ്റപ്പെട്ട ചരിത്രമേയുള്ളു. അവഹേളിക്കപ്പെട്ട നിമിഷത്തിൽ ആദ്യമൊന്ന് അന്ധാളിച്ചു എങ്കിലും വളരെ പക്വതയോടെ, വിനയത്തിൻ്റെ ഒരു ചെറു പുഞ്ചിരിയോടെ ആ അല്പന് മറുപടി കൊടുത്തു ആസിഫ്. വെറുപ്പിന്റെയും
വേർതിരിവ്വിന്റെയും വക്താക്കൾക്കിടയിൽ, നമുക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പകരാം.’

‘ഞാൻ ദൃ‌ക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ “ജി”യോട് എനിക്കുണ്ടായിരുന്ന ബഹുമാനമാണ്. ‘എം.ടി’ എന്ന ഇതിഹാസത്തിന്‍റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ ‘അല്പത്തം’ കാട്ടിയ രമേശ്‌ നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം’ – ശ്രീകാന്ത് മുരളിയുടെ പ്രതിഷേധം

രമേശ് നാരായണനെ രൂക്ഷമായി വിമർശിച്ചാണ് നടനും സംവിധായകനുമായ നാദിർഷയുടേയും ഫെയ്സ് ബുക്ക് പോസ്ററ് ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അൽപം സാമാന്യബോധം കൂടി വേണം’

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസിഫ് ഹാഷ് ടാഗും സ്നേഹ ചിഹ്നവും ചേർത്ത് വെച്ചുകൊണ്ടാണ് സമൂഹമാധ്യമത്തിൽ ആസിഫ് അലിക്ക് പിന്തുണയറിയിച്ചത് – ‘ആ വേദിയിൽ നിങ്ങളെ ചെറുതാക്കാൻ ശ്രമിച്ചപ്പോൾ രമേശ് നാരായണൻ കടുകുമണിയോളം ചെറുതായിപ്പോയിരിക്കുന്നു. കേരളമൊന്നാകെ നിങ്ങളെ ചേർത്തു നിർത്തുമ്പോൾ നിങ്ങൾ കടലോളം വലുതായിരിക്കുന്നു.

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി പ്രമുഖ സംവിധായകർ ഒരുക്കി മലയാളത്തിൻ്റെ പ്രഗത്ഭ നടീനടന്മാർ അഭിനയിക്കുന്ന ‘മനോരഥങ്ങ’ളുടെ ട്രെയിലർ കൊച്ചിയിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു രമേഷ് നാരായണൻ്റെ ഈ വിവാദ പ്രകടനം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. പകരം സംവിധായകൻ ജയരാജിനെ വിളിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെട്ടു. ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേഷ് നാരായണന്‍ ചിരിച്ചു​കൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ ഹസ്തദാനം ചെയ്ത രമേഷ് നാരായണൻ ആസിഫ് അലിയോട് മൗനം പാലിക്കുകയും പാടെ അവഗണിക്കുകയുമാണുണ്ടായത്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...