പാലക്കാട് : ചിറ്റൂർപുഴയിൽ കുടുങ്ങിയവരെ അതി സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്. കുത്തിയൊലിക്കുന്ന പുഴയിൽ നിന്നാണ് നാല് പേരെയും രക്ഷിച്ചത്. ആലങ്കടവ് ചിറ്റൂരിലാണ് സംഭവം. മന്ത്രി കെ.കൃഷ്ണൻകുട്ടി നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ചിറ്റൂർ നദിയുടെ നടുവിലുള്ള പാറയിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടുത്തി. ജൂലൈ 16 ന് പാലക്കാട് ജില്ലയിലെ ആലങ്കടവ് ചിറ്റൂരിലാണ് സംഭവം
“മരണത്തിനെ മുഖാമുഖം കണ്ടതിനു ശേഷമുള്ള ആശ്വാസമാണ്. ഫയർ ഫോഴ്സിനും പോലീസിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ” രക്ഷപ്പെട്ടവർ പറഞ്ഞു.
കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ചിറ്റൂർ നദിയുടെ നടുവിലുള്ള പാറയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
തുണി അലക്കുന്നതിനായാണ് കുടുംബാഗങ്ങളായ ദേവിയും ലക്ഷ്മണും, സുരേഷും വിഷ്ണുവും പുഴയിലെത്തിയത്. മൂലത്തറ ഡാമിലെ ഷട്ടർ തുറക്കുമെന്നും പുഴയിൽ വെള്ളമുയരുമെന്നും മൈസൂർ സ്വദേശികളായ ഇവർ അറിഞ്ഞില്ല. സെക്കന്റുകൾ കൊണ്ട് വെള്ളം ഉയർന്നു. വൃദ്ധയടക്കം എല്ലാവരും പുഴയുടെ നടുക്ക് കുടുങ്ങി
ചുറ്റൂം കുത്തി ഒലിക്കുന്ന ചിറ്റൂർ പുഴ. കാൽ വെള്ളത്തിലൊന്ന് എടുത്ത് വച്ചാൽ ഒഴുക്കിൽപെടുമെന്ന് ഉറപ്പ്. കഴിയാവുന്ന അത്ര ശബ്ദത്തിൽ ആവർ ഉറക്കെ നിലവിളിച്ചു
പിന്നീട് കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം. കുടുംബം നിൽക്കുന്നിടത്തേക്ക് ഫയർ ഫോഴ്സ് എത്തി. വടം കെട്ടി ഓരോരുത്തരേയായി കരയിലേക്ക് എത്തിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി. മധുവിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.