തിരുവനന്തപുരം: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആദ്യ ഡയറക്ടറാണ്. കൂടാതെ, മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറും ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്‍റെ ചെയർമാനുമായിരുന്നു.
മാർത്താണ്ഡ വർമ്മ ശങ്കരൻ വല്യത്താൻ, റോയൽ കോളേജ് ഓഫ് സർജൻസ് ഫെല്ലോ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡൻ്റ്, കാർഡിയോളജിയിലും മെഡിക്കൽ സാങ്കേതികവിദ്യയുടെ വികസനത്തിലും യഥാർത്ഥ സംഭാവനകൾ നൽകിയ ഒരു പ്രഭത്ഭ കാർഡിയാക് സർജനാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠന ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എം.എസ്. വല്യത്താൻ എം.ബി.ബി.എസ് നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം.എസും എഫ്.ആർ.സി.എസും പൂർത്തിയാക്കി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) ആതുരസേവനം ആരംഭിച്ചു. ഇതിനിടെ, ജോൺ ഹോപ്കിൻസ് അടക്കം ഉന്നത വിദേശ സർവ്വകലാശാലകളിൽ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ഉന്നതപഠനം നടത്തി.
ഡോ. വല്യത്താൻ്റെ പ്രവർത്തന മികവാണ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചത്. മെഡിക്കൽ സാങ്കേതികവിദ്യക്ക് കൂടുതൽ ഊന്നൽ നൽകിയ അദ്ദേഹം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമ്മിച്ച് കുറഞ്ഞു വിലക്ക് ലഭ്യമാക്കി. രക്തബാഗുകൾ വ്യാപകമാക്കിയതും ഡോ. വല്യത്താൻ്റെ ദിർഘവീക്ഷണത്തിൻ്റെ ഫലമാണ്. .
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സേവനത്തിന് പിന്നാലെ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ എം.എസ്. വല്യത്താൻ ആയുർവേദ ഗവേഷണത്തിലേക്ക് കടന്നു. ആയുർവ്വേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള നിർദദ്ദേശങ്ങൾ നൽകി. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും അദ്ദേഹം ശ്രമം നടത്തി. പത്മവിഭൂഷൺ അടക്കമുള്ള ബഹുമതികൾ നൽകി ആദരിച്ചു.
ആയുർവേദ മേഖലയിൽ നിരവധി ശാസ്ത്രപഠനങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം ഈ വിഷയത്തിൽ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.