ബംഗളൂരു: മുണ്ടുടുത്തെത്തിയ കർഷകനെ മാളിൽ കയറാൻ അനുവദിച്ചില്ല. ബംഗളൂരുവിലെ ജി.ടി. മാളിലാണ് സംഭവം. വിവാദമായതോടെ മാൾ ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. കർണാടക നഗര വികസന മന്ത്രിയാണ് ബംഗളൂരുവിലെ ജി.ടി. മാളിനെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം മാളിൽ സിനിമ കാണാൻ പരമ്പരാഗത ‘പഞ്ചെ’ വേഷത്തിലെത്തിയ 70കാരനായ ഫകീരപ്പയെയാണ് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്. മുണ്ടുടുത്ത് മാളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പാന്‍റ് ധരിച്ചെത്തിയാൽ അകത്തേക്ക് കയറ്റാം എന്നും പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചിട്ടും കടത്തിവിട്ടില്ലെന്ന് മകൻ പറഞ്ഞു.
മാളിന് പുറത്ത്, അകത്ത് കയറാനാവാതെ മകനൊപ്പം നിൽക്കുന്ന ഫകീരപ്പയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് മാളിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തുവന്നത്. വിവിധ സംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ചു. ഇതോടെ, സെക്യൂരിറ്റ് ജീവനക്കാർ മാപ്പു പറഞ്ഞു. മാൾ മാനേജ്മെന്‍റ് ഫക്കീരപ്പയോടും കുടംബത്തിനോടും ഔപചാരികമായി ക്ഷമാപണം നടത്തി.
ഈ സംഭവത്തോടെ, വിവേചനം, പാരമ്പര്യ വേഷത്തോടുള്ള ബഹുമാനം, വസ്ത്രധാരണരീതികൾ തുടങ്ങിയ വിഷയങ്ങളിൽ വൻ ചർച്ചയാണ് കർണ്ണാടക സൈബറിടങ്ങളിൽ നടക്കുന്നത്. വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും മുണ്ടുടുത്ത് എത്തി മാളിൽ കയറി പ്രതിഷേധിച്ചു.