തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള മാര്‍ഗഗ്ഗരേഖ തയ്യാറാക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും. സംസ്ഥാന സെക്രട്ടറിയറ്റിലെ കരടുരേഖയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാവി സുരക്ഷിതമാക്കാനുളള നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയിലുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തെറ്റിയതാണ് ഭരണവിരുദ്ധ വികാരത്തിന് ഇടയാക്കിയതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങാനാണ് സിപിഐഎം ശ്രമം. അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്.
ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക തീര്‍ത്ത് വിതരണം ഉറപ്പാക്കല്‍, മറ്റു സാമൂഹിക സുരക്ഷാ-ക്ഷേമ പദ്ധതികളിലെ വീഴ്ച്ച പരിഹരിക്കല്‍, സപ്ലൈകോയില്‍ അവശ്യസാധന ലഭ്യത ഉറപ്പാക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം എന്നതിനാല്‍ പണം ചെലവഴിക്കുന്നതില്‍ പുനഃക്രമീകരണം വേണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു.