ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം വിജയം കണ്ടു.
സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരെയായിരുന്നു സമരം. സർക്കാർസർവ്വീസിലെ ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി പിൻവലിച്ചതോടെയാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫലപ്രാപ്തിയായത്. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം സംവരണം അഞ്ചായി കുറച്ച് സുപ്രീംകോടതി ഉത്തരവായി.
17 കോടി ജനസംഖ്യയിൽ 3.2 കോടി യുവാക്കളും തൊഴിൽരഹിതരായ രാജ്യത്ത്, താത്ക്കാലികമായി നിർത്തിവെച്ച ക്വാട്ട സമ്പ്രദായം പുന:രവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാനായിരുന്നു നിർദ്ദേശം
രാജ്യത്തെ സ്കൂളുകളും സർവ്വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവർത്തനരഹിതമായി. കലാപബാധിതമേഖലകളിൽനിന്ന് ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്കുമടങ്ങി.
1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു രാജ്യത്തു പ്രക്ഷോഭം. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്കു 10%, ഗോത്രവര്‍ഗക്കാര്‍ക്കു 5%, ഭിന്നശേഷിക്കാര്‍ക്കു 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബംഗ്ലദേശ് സംവരണ സംവിധാനം. 44% സര്‍ക്കാര്‍ ജോലികള്‍ മാത്രം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടും. സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും ബംഗ്ലദേശിലെ സംവരണ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ഈ സംവിധാനം അനീതിയാണെന്നു ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി ബംഗ്ലദേശിലെ വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയാണിത്. 2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഉത്തരവിട്ടതുമാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.