ബംഗളുരു : കർണ്ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ഇനി ഗംഗാവാലി പുഴയിലേക്ക്. എന്നാൽ പുഴയിലേക്ക് ലോറി പോയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രഞ്ജിത്ത് ഇസ്രയേൽ. അപകടശേഷവും അർജുൻ്റെ മൊബൈൽ ഫോൺ ബെല്ലടിച്ചിരുന്നു. പുഴയിലായിരുന്നുവെങ്കിൽ ഇത് നടക്കില്ലെന്നും മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നും ഇവർ പറയുന്നു.
റോഡിലെ ഒരു ഭാഗത്ത് മാത്രമാണ് ഇനി തിരച്ചിൽ നടത്താനുള്ളത്. ശേഷിക്കുന്ന മണ്ണു നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാദ്ധ്യതയുള്ളതിനാൽ ജാഗ്രതയോടെയാണ് തിരച്ചിൽ നടക്കുന്നത്. സൈന്യത്തിൻ്റെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്.
ചിത്രം – അർജുൻ ഭാര്യക്കും കുഞ്ഞിനും ഒപ്പം
തിരച്ചിലിനായി റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്ന് കർണ്ണാടക റവന്യൂ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തും ലോറിയില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായ വലിയ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ രൂപം കൊണ്ട കൂറ്റൻ മൺകൂനയിൽ ലോറി ഉണ്ടാകാമെന്നാണ് സൈന്യത്തിന്റെ ഇപ്പോഴത്തെ നിഗമനം.
പുഴയിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂണെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് കൊണ്ടുവരിക. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ അടക്കം എത്തിക്കും.
ഇതിനിടെ, മണ്ണിടിച്ചിലിൽ കാണാതായതായ മറ്റ് രണ്ട് കർണ്ണാടക സ്വദേശികളുടെ ബന്ധുക്കളടക്കം രക്ഷാപ്രവർത്തനത്തിലെ മന്ദഗതി ചോദ്യം ചെയ്ത് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.