മലപ്പുറം: പാണ്ടിക്കാട്ട് നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന് തന്നെയാകാം വൈറസ് ബാധയേറ്റതെന്ന നിഗമനത്തിലാണ് നിലവിൽ വകുപ്പ്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുക.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് കഴിച്ചതെന്ന് ആരോഗ്യപ്രവർത്തകർക്ക് ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിക്കാൻ പോയ സമയത്ത് നാട്ടിലെ ഒരു മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി സൂചന ലഭിച്ചത്. ഇക്കാര്യം തന്നെയാണ് തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്.
വിദ്യാർഥി മറ്റു ജില്ലകളിൽ യാത്രപോയത് വളരെ മുമ്പാണ്. അതിനാൽ മറ്റു ജില്ലകളിൽ നിന്ന് വൈറസ് ബാധയേൽക്കാൻ സാധ്യതയില്ല. സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരപ്രകാരം നാട്ടിലെ മരത്തിൽനിന്നാണ് പഴം കഴിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റു കുട്ടികൾ ഈ പഴം കഴിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആരും വവ്വാലുകളുടെ ആവാസവ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചുവിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടത്തിനും വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി കൂടിച്ചേർത്തു.