കൊല്ലം: ചങ്ങന്‍കുളങ്ങര ഓച്ചിറയിൽ ജനവാസമേഖലയിലെ ഓടയിൽ നിന്ന് മുള്ളൻ പന്നിയെ പിടികൂടി. ശക്തമായ മഴയിൽ മുള്ളൻ പന്നി ഓടയിലൂടെ ഒഴുകി വരികയായിരുന്നു. നാട്ടുകാർ ഇതിനെ വനം വകുപ്പിന് കൈമാറി.ഇങ്ങനെയൊരു കൗതുക കാഴ്ച്ച ചങ്ങൻകുളങ്ങരക്കാർക്ക് ഇതാദ്യമാണ്. ശക്തമായ നീരൊഴുക്കുണ്ടായിരുന്ന ഓടയിൽ എന്തോ കുടുങ്ങി കിടക്കുന്നത് നാട്ടുകാർ കണ്ടു. മുള്ളൻ പന്നിയുടെ ജഡമാണെന്നാണ് ആദ്യം കരുതിയത്. പ്രദേശവാസി പരിശോധിച്ചപ്പോഴേക്കും മുള്ളുകൾ വിടർത്തി ആക്രമിക്കാന്‍ ശ്രമിച്ചു.
യുവാക്കളും നാട്ടുകാരും ഇടപ്പെട്ട് മുള്ളൻ പന്നിയെ പിടികൂടി. എന്നാൽ വിട്ടു കൊടുക്കാൻ കക്ഷി തയാറായില്ല. യുവാക്കളെ വെട്ടിച്ച് 100 മീറ്ററോളം പിന്നേയും ഓടി. അവസാനം നാട്ടുകാർ ഒരു വിധത്തിൽ മുള്ളൻപന്നിയെ ചാക്കിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അവർക്ക് കൈമാറി.
ജില്ലയിടെ കിഴക്കൻ മേഖലയിൽ നിന്ന് ശക്തമായ നീരൊഴുക്കിൽപ്പെട്ടാകാം മുള്ളൻ പന്നി ഒഴുകി വന്നതെന്നാണ് സംശയം. ഇതിന്‍റെ ആരോഗ്യനില തൃപ്തികരാണ്. രണ്ട് ദിവസം കൂടി നിരീക്ഷിച്ച ശേഷം മുള്ളൻ പന്നിയെ ഉൾക്കാട്ടിൽ തുറന്നുവിടാനാണ് വനംവകുപ്പിന്‍റെ തീരുമാനം.
Date: