ദില്ലി: ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിൻ്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും എന്താണ് രേഖപ്പെടുത്തിയത് എന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ കേരളം ആവശ്യപ്പെടുന്നു.. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.
നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ അടക്കം തീരുമാനം വന്നിട്ടില്ല. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിൻ്റെ ഹർജി.
രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോൾ സുപ്രീംകോടതിയിൽ തന്നെ ഇതൊരു അപൂർവ്വമായ ഹർജിയാണ്. ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണിപ്പോൾ സംസ്ഥാനം സുപ്രീം കോടതിയുടെ മുന്നിലെത്തിയിട്ടുള്ളത്.