ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുമാവ്യാപക തിരച്ചിൽ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ അർജുൻ്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തി. നദിയുടെ അടിത്തട്ടിൽ ഒരു ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
“ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്, നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും. ലോംഗ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അധിഷ്ഠിത ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. വെള്ളത്തിൽ കാണാതായ മൃതദേഹങ്ങൾക്കായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തിരച്ചിൽ നടത്തും,” മന്ത്രി എക്‌സിൽ അറിയിച്ചു.
നദിയുടെ അടിത്തട്ടിൽ കിടക്കുന്ന ട്രക്ക് പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേനാ വിദഗ്ധരുടെ രക്ഷാസംഘം സ്ഥലത്തുണ്ടെന്നും ഓപ്പറേഷൻ രാത്രിയിലും തുടരുമെന്നും അധികൃതർ അറിയിച്ചു. നാവികസേനയും ദുരന്തനിവാരണ സേനയും സോണാർ, റഡാർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദുരന്തബാധിത പ്രദേശങ്ങൾ പരിശോധിക്കുന്നുണ്ട്. തുടക്കത്തിൽ, ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ചിത്രങ്ങൾ പകർത്താൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന ജിയോഫിസിക്കൽ രീതിയായ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത്. കൂടാതെ, തിരച്ചിൽ ഓപ്പറേഷനിൽ സഹായിക്കാൻ സൂറത്ത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിന്നുള്ള നാല് വിദഗ്ധ സംഘങ്ങളും എത്തിയിട്ടുണ്ട്.
ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചതാണ് നിർണായകമായ തെളിവായി രക്ഷാദൗത്യസേന ഇന്നലെ തന്നെ എടുത്തു പറഞ്ഞത്. ഇന്നലെ പുഴയിൽ നാവികസേന നടത്തിയ തെരച്ചിലിലാണ് സിഗ്നൽ ലഭിച്ചത്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുവെന്നാണ് രക്ഷാപ്രവർത്തകർ നൽകിയ വിവരം.
ഇന്നത്തെ തെരച്ചിലിന്റെ കേന്ദ്ര ബിന്ദു ഈ സിഗ്നലുള്ള സ്ഥലമാണെന്ന് നാവിക സേന ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഈ സിഗ്നലുകൾ രണ്ട് സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് ന്യൂസ് പൊളിറ്റിക് റിപ്പോർട്ട് ചെയ്തതാണ് – ഒന്ന് ഒരു മെറ്റൽ ടവർ മറിഞ്ഞു പുഴയിൽ വീണിട്ടുണ്ട്. അല്ലെങ്കിൽ അത് അർജുന്റെ ലോറി ആകാം. ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ച് ന ഇന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതോടെ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചതാണ്. ട്രക്ക് കണ്ടെത്താനായതോടെ ഒമ്പത് ദിവസമായി ആകാംഷ നിഴലിച്ച മുഖങ്ങളിൽ അർജുനേയും ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതിക്ഷയും വളരുകയാണ്
ഇതിനിടയിലും മറുഭാഗത്ത് ആശങ്കയായി ഇന്നും കനത്ത മഴ തുടരുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.