പാരീസ്: “കോച്ചെന്ന നിലയിൽ ഞാൻ ഒരുപാടുകാലമൊന്നുമായിട്ടില്ല. പക്ഷേ, കളിക്കാരനെന്ന നിലക്ക് ഒരുപാടു കാലം ഞാൻ ഫുട്ബാളിലുണ്ടായിരുന്നു. ഇതുപോലൊരു സംഭവം ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് ആണിത്. അത് അങ്ങിനെ തന്നെ എടുക്കുകയാണ്. നമുക്കത് നിയന്ത്രിക്കാനാവില്ലല്ലോ.” – അർജന്റീന കോച്ച് ഹാവിയർ മഷറാനോ. ഒളിമ്പിക്സ് ഫുട്ബാളിൽ അർജന്റീന – മൊറോക്കോ മത്സരത്തിലെ കേട്ടുകേൾവിയില്ലാത്ത ഫലപ്രഖ്യാപനത്തെക്കുറിച്ച്പ്ര തികരിക്കുകയായിരുന്നു ഹാവിയർ മഷറാനോ. 2 – 2ന് സമനിലയിൽ കളി അവസാനിച്ചെന്ന് കരുതി താരങ്ങൾ മൈതാനം വിട്ട് മണിക്കൂറുകൾക്കുശേഷമാണ് വാറിൽ സമനിലഗോൾ റദ്ദാക്കിയെന്നറിയുന്നതും അർജൻ്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത അസാധാരണ സംഭവം ഫുട്ബാൾ ലോകത്ത് ഉണ്ടായത്.
മത്സരത്തിൻ്റെ മുഴുവൻ സമയത്ത് മൊറോക്കോ 2-1ന് മുന്നിട്ടുനിൽക്കുകയായിരുന്നു. ശേഷം ലഭിച്ച ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില നേടുന്നത്. 15 മിനുട്ടോളം ദൈർഘ്യമേറിയ ഇഞ്ചുറി ടൈം അനുവദിച്ചതിലെ അതൃപ്തിപൂണ്ട മൊറോക്കോ ആരാധകർ സമനില ഗോൾ കൂടി പിറന്നതോടെ അക്രമാസക്തരായി ഗ്രൗണ്ട് കൈയേറുകയും താരങ്ങൾക്കുനേരെ കുപ്പികൾ എറിയുകയും ചെയ്തു. തുടർന്ന് കളി നിർത്തുകയായിരുന്നു. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ ബാക്കി മൂന്നു മിനിറ്റു കൂടി മത്സരം നടത്താൻ റഫറിമാർ തീരുമാനിക്കുന്നത്. എന്നാൽ, അതിനുമുമ്പ് നടത്തിയ വാർ പരിശോധനയിൽ അർജന്റീനക്കു വേണ്ടി ഗോൾ നേടിയ ക്രിസ്റ്റ്യൻ മഡീന ഓഫ്സൈഡാണെന്ന് വിധിയെഴുതി സമനില ഗോൾ റദ്ദാക്കിയിരുന്നു. പിന്നീട് കളിക്കേണ്ടി വന്ന മൂന്നുമിനിറ്റും ഇരുടീമും ഗോൾ നേടാതെ പോയപ്പോൾ മൊറോക്കോ വിജയിയായി പ്രഖ്യാപിച്ചു.
കളി പിന്നീട് തുടരേണ്ടതില്ലെന്ന് ക്യാപ്റ്റന്മാർ തീരുമാനിച്ചിരുന്നതായി മഷറാനോ വ്യക്തമാക്കുന്നു. ഒളിമ്പിക്സ് ഫുട്ബാൾ മത്സരങ്ങളുടെ സംഘാടകരായ ‘ഫിഫ’ ആണ് മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘’ഇങ്ങനെയൊക്കെ സംഭവിച്ച് ടൂർണമെന്റിനെ വിഷലിപ്തമാക്കുന്നത് നാണക്കേടാണ്. ഒരു അയൽപക്ക ടൂർണമെന്റിൽ പോലും ഇത്തരത്തിലൊന്ന് സംഭവിക്കില്ല. കഷ്ടമാണിത്. ഒളിമ്പിക് സ്പിരിറ്റിനപ്പുറം സംഘാടനം നിലവാരമുള്ളതാകണം. നിർഭാഗ്യകരമെന്നു പറയട്ടെ, ഈ സന്ദർഭത്തിൽ അത് അങ്ങനെയല്ലായിരുന്നു’’ -മഷറാനോ പറഞ്ഞു.
“ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ച് മുന്നേറുകയെന്നതായിരിക്കണം ലക്ഷ്യമെന്ന് ഞാൻ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഈ മത്സരത്തിലെ സംഭവ വികാസങ്ങൾ അതിനുവേണ്ട ഊർജവും ദാഹവും നിറയ്ക്കാൻ തുണയാകുമെന്ന് ഞങ്ങൾ കരുതുന്നു’ – 2004, 2008 ഒളിമ്പിക്സുകളിൽ സ്വർണ്ണം കരസ്ഥമാക്കിയ അർജന്റീന ടീമിലെ മുന്നണിപ്പോരാളിയായിരുന്ന ഹാവിയർ മഷറാനോ പ്രത്യാശ പ്രകടിപ്പിച്ചു.