ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിമാചല്‍ ഹൈക്കോടതിയിൽ ഹര്‍ജി. നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് ഓഫീസര്‍ തെറ്റായി നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി ലൈക് റാം നേഗി എന്നയാളാണ് ഹര്‍ജി നൽകിയത്. ഹർജിയിൽ ബിജെപി എംപി കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.
കങ്കണയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്ന് കങ്കണയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വനംവകുപ്പിലെ മുന്‍ ജീവനക്കാരനായ നേഗി, സ്വമേധയ വിരമിച്ചതാണെന്നും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കുടിശ്ശിക ഇല്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും വാദിക്കുന്നു.
എന്നാല്‍, വൈദ്യുതി, വെള്ളം, ടെലിഫോണ്‍ എന്നിവയുടെ കുടിശ്ശികയില്ലെന്ന സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് നോമിനേഷന്‍ നല്‍കിയ സമയത്ത് തന്നോട് ആവശ്യപ്പെട്ടതായി നേഗി പറയുന്നു. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അടുത്ത ദിവസം വരെ സമയം അനുവദിച്ചു. അടുത്ത ദിവസം റിട്ടേണിംഗ് ഓഫീസര്‍ക്ക് പത്രിക നല്‍കിയപ്പോള്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ചെയ്തു എന്നാണ് നേഗിയുടെ പരാതി.
നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നു എന്നാണ് ഹര്‍ജിക്കാരന്റെ വാദം. കങ്കണയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, മാണ്ഡി സീറ്റില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും നേഗി ആവശ്യപ്പെട്ടു. നേഗിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് ജ്യോത്‌സ്‌ന റേവലാണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചത്.
ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്ന് 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നടി കങ്കണ റണാവത്ത് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോ. പ്രകാശ് ചന്ദ്ര ഭരദ്വാജാണ് മൂന്നാം സ്ഥാനത്തെത്തിയത്. 4393 വോട്ടുകളായിരുന്നു ഭരദ്വാജിന് ലഭിച്ചത്.