മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.
ഡിജിറ്റൽസംവിധാനങ്ങളടക്കം പണം കൈമാറ്റത്തിന് പലവിധ സൗകര്യങ്ങൾ നിലവിൽവന്ന സാഹചര്യത്തിലാണ് ആർ.ബി.ഐ. തീരുമാനം. ഇതുസംബന്ധിച്ച് ആർ.ബി.ഐ. വിശദമായ മാർഗരേഖ പുറത്തിറക്കി.
ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കണമെന്നതാണ് ആർ.ബി.ഐ.യുടെ പ്രധാന നിർദ്ദേശം. ഓരോ ഇടപാടുകളും അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് (ഒ.ടി.പി. പോലുള്ള സംവിധാനം) ഉറപ്പാക്കുകയുംവേണം. നേരത്തേ ബാങ്കിൽ നേരിട്ടെത്തി അക്കൗണ്ട് ഇല്ലാത്തവർക്കും 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയായിരുന്നു ഇത്തരത്തിൽ അയക്കാനാകുക. എന്നാൽ, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണമയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണമയക്കുന്നയാളുടെ വിവരങ്ങൾ രേഖപ്പെടുത്തിസൂക്ഷിക്കണം.
ഒ.ടി.പി. വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻ.ഇ.എഫ്.ടി. – ഐ.എം.പി.എസ്. ഇടപാടു സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം.
2024 നവംബർ ഒന്നു മുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും ആർ.ബി. ഐ. വ്യക്തമാക്കി. വിവിധ ബാങ്കിങ് സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ആർ.ബി.ഐ. കെ.വൈ.സി. നിബന്ധനകൾ കടുപ്പിക്കുന്നത്.