പാരീസ്: ഷൂട്ടിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്ന കാഴ്ചയാണ് ഒളിംപിക് വേദിയിൽ കാണാനായത്. ഏക പ്രതീക്ഷയായത് 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലേക്ക് മനു ഭേക്കർ ക്വാളിഫൈ ചെയ്തതാണ്. 580 പോയൻ്റോടെ മൂന്നാം റാങ്ക് നേടിയാണ് മനു ഭേക്കർ ഫൈനൽ യോഗ്യത നേടിയത്.
10 മീറ്റർ എയർ റൈഫിൾ മിക്സഡ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ടീമുകൾക്കും ഫൈനൽ റൗണ്ടിലേക്ക് മുന്നേറാനായിരുന്നില്ല. 10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും ഫൈനൽ യോഗ്യത നേടിയില്ല. വനിതാവിഭാഗത്തിൽ മത്സരിച്ച റിഥം സാങ്വാനും യോഗ്യതാ റൗണ്ട് കടക്കാനായില്ല. ഷൂട്ടിംഗിൽ ഇന്ത്യ ഏറെ പ്രതീക്ഷവെച്ച് പുലർത്തിയിരുന്ന വിഭാഗമായിരുന്നു ഇത്. മെഡൽ പ്രതീക്ഷകളോടെ 15 വിഭാഗങ്ങളിലായി 21 ഷൂട്ടർമാരുമായാണ് ഇന്ത്യ ഒളിംപിക് മത്സരവേദിയിലെത്തിയത്.
ഇന്ത്യക്കായി മത്സരിച്ച സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായി. സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം ആറാം സ്ഥാനത്തുമെത്തി. കടുത്ത മത്സരത്തിനൊടുക്കം അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യത്തിന് ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ടത്.
ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുകയെന്നിരിക്കേ അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യത്തിന് ആറാം സ്ഥാനത്തെത്താനേ ആയുള്ളൂ. അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം 628.7 പോയന്റ് നേടി. നാലാം സ്ഥാനത്തെത്തിയ ജർമൻ സഖ്യം 629.7 പോയന്റാണ് നേടിയത്. അഞ്ചാമതെത്തിയ നോർവേ ടീം 629.6 പോയന്റ് നേടി. വെങ്കലമെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയ ജർമൻ സഖ്യത്തിനേക്കാൾ ഒരു പോയന്റ് മാത്രം പിന്നിലായിരുന്നു ഇന്ത്യൻ സഖ്യം.