തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽനിന്ന് 19.94 കോടി രൂപ തട്ടിച്ചെന്ന പരാതിയിൽ അസി. ജനറൽ മാനേജർ കൊല്ലം മുളങ്കാടകം പൊന്നമ്മ വിഹാറിൽ ധന്യാ മോഹനെ (40) കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യയെ ശനിയാഴ്ച പുലർച്ചെ മൂന്നിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തട്ടിച്ചെടുത്ത പണം ഒളിപ്പിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി പലർക്കും ലക്ഷക്കണക്കിന് രൂപ സാവധാനം തിരിച്ച് തന്നാൽ മതിയെന്ന് പറഞ്ഞ് ധന്യ വായ്പയായി നല്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇങ്ങനെ ധന്യയിൽ നിന്ന് പണം സ്വീകരിച്ചവരെയും പോലീസ് ചോദ്യം ചെയ്യും.
ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ. രാജു പറഞ്ഞു. വായ്പാ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഓൺലൈൻ ട്രേഡിങ്ങിന് വിനിയോഗിച്ചിട്ടുണ്ടെന്നും ഇതിൽ ലാഭവും നഷ്ടവുമുണ്ടായിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായും ഡിവൈ.എസ്.പി. പറഞ്ഞു.
സ്ഥാപനത്തിലെ ഡിജിറ്റൽ പേഴ്സണൽ വായ്പാ ആപ്പ് രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച ധന്യക്ക് ആപ്പ് വഴിയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. മൈക്രോസോഫ്റ്റിൽ ഈയിടെയുണ്ടായ തകരാറും ധന്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കാരണമായെന്നറിയുന്നു.
അക്കൗണ്ടുകൾ ശരിയാകാത്തത് പരിഹരിക്കാൻ ധന്യയെയാണ് നിയോഗിച്ചത്. കംപ്യൂട്ടറുകളുടെ വേഗം കുറഞ്ഞത് പരിശോധിക്കുന്നതിനിടയിൽ ധന്യ ഓഫീസിൽനിന്ന് പോയത് സംശയത്തിനിടയാക്കി. തുടർന്നാണ് സ്ഥാപന അധികൃതർ വിശദപരിശോധന നടത്തിയത്.