പാരീസ്: പാരീസ് ഒളിംപിക്സിൽ അത്‌ലറ്റിക്സ് വിഭാഗത്തിലും ഇത്തവണ റിപ്പച്ചേജ് റൗണ്ട് പ്രാബല്യത്തിൽ വരികയാണ്. ഇനി ഹീറ്റ്സിൽ ഓടി തോറ്റാലും അത്‌ലറ്റുകൾ പുറത്താവില്ല, പകരം സെമിയിലേക്ക് യോഗ്യത നേടാന്‍ ഒരവസരം കൂടി കിട്ടും. ഗുസ്തി മത്സരങ്ങളിലേതുപോലുള്ള അപൂര്‍വ്വ ഇനങ്ങളിൽ മാത്രം അനുവദിച്ചിരുന്ന റിപ്പച്ചേജ് റൗണ്ടാണ് പാരീസിലെ ഒളിംപിക്സ് ട്രാക്കിലും നടപ്പാക്കുന്നത്.
ഒളിംപിക്സില്‍ 200, 400, 800,1500 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലുമാണ് റിപ്പച്ചേജ് റൗണ്ട് ഉൾപ്പെടുത്തുക. ഹീറ്റ്സിൽ കാലിടറിയവര്‍ക്ക് സെമിഫൈനലിലേക്കായി ഒന്നുകൂടി ഓടി തെളിയാനുള്ള ആനുകൂല്യമായി മാറും റിപ്പച്ചേജ് റൗണ്ട്. 2022 ജൂലൈയിലാണ് ലോക അത്‌ലറ്റിക് കൗൺസിൽ റിപ്പച്ചേജ് റൗണ്ടിന് അംഗീകാരം നൽകിയത്. ട്രാക്ക് ഇനങ്ങളിൽ സാധാരണയായി ആദ്യം ഹീറ്റ്സ് നടക്കും. ഓരോ ഹീറ്റ്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നുപേര്‍ സെമിയിലേക്ക് യോഗ്യത നേടും. ഇതിന് പുറമെ മികച്ച സമയം കുറിച്ച നാലുപേർക്കും സെമി ഫൈനലിലെത്താം എന്നതായിരുന്നു ഇതുവരെ തുടര്‍ന്ന് വന്നിരുന്ന രീതി.
എന്നാല്‍ റിപ്പച്ചേജ് വരുന്നതോടെ , പതിവുപോലെ ഹീറ്റ്സിൽ മുന്നിലെത്തുന്നവർ നേരിട്ട് സെമിയിലെത്തുമെങ്കിലും ബാക്കിയുള്ളവർക്കും റിപ്പച്ചേജ് റൗണ്ടിൽ കരുത്ത് കാട്ടി മുന്നേറാം. അതായത് ഒരു അത്‌ലറ്റിന് രണ്ടവസരം. 200, 400, 800, 1500, മീറ്റർ ഓട്ടത്തിന് പുറമെ 100, 110, 400 മീറ്റര്‍ ഹഡിൽസിലും റിപ്പച്ചേജ് റൗണ്ട് ഉണ്ടാകും. നൂറ് മീറ്ററിൽ യോഗ്യതാ റൗണ്ട് ഉള്ളതിനാൽ റിപ്പച്ചേജിന് അവസരമില്ല. ദീര്‍ഘദൂര ഓട്ടങ്ങളിലും റിപ്പച്ചേജ് റൗണ്ട് ഉണ്ടാകില്ല. ഒരു മികച്ച അത്‌ലറ്റിന് ഒരു നേരത്തെ മോശം ഓട്ടം കാരണം ഒരു മെഡല്‍ നഷ്ടമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പച്ചേജ് റൗണ്ട് അത്‌ലറ്റിക്സിലും അവതരിപ്പിക്കപ്പെടുന്നത്.
ആദ്യ റൗണ്ടിൽ തോറ്റവരുടെ എതിരാളി ഫൈനലിൽ എത്തിയാൽ അവരോട് തോറ്റവര്‍ വെങ്കലത്തിനായി എറ്റുമുട്ടുന്ന റൗണ്ടെന്ന നിലയിലാണ് റിപ്പച്ചേജിൽ മത്സരിക്കുക. പാരീസില്‍ ഹീറ്റ്സിൽ തോറ്റ് റിപ്പച്ചേജ് റൗണ്ടിലൂടെ സെമിഫൈനലിലെത്തി, ആരെങ്കിലും സ്വർണം നേടിയാൽ അത് മറ്റൊരു ചരിത്രമാവും. വരട്ടെ, കാത്തിരുന്ന് കാണാം.