കൊറിയൻ സ്ത്രീകളുടെ സൗന്ദര്യം കണ്ടാൽ, ഏത് കോളേജിലാ പഠിക്കുന്നതെന്ന് അറിയാതെ ചോദിച്ചു പോകും. അത്രക്ക് ആകർഷകമാണ് അവരുടെ ചർമ്മ സൗന്ദര്യം. സോഫ്റ്റും സുന്ദരവുമായ ആചർമ്മം കണ്ട് അസൂയപ്പെട്ട് അന്തംവിട്ട് നിൽക്കുകയല്ല വേണ്ടത്. പകരം, അവരുടെ സൗന്ദര്യ സംരക്ഷണ രീതികൾ നാം സൂക്ഷ്മമായി പഠിക്കണം.
ചർമ്മ സംരക്ഷണത്തിനായി കൊറിയക്കാർ ഇത്തരത്തിൽ പാൽപ്പൊടി ചേർത്ത് തയാറാക്കുന്ന ഒരു ഫേസ് പായ്ക്ക് പരിചയപ്പെടാം.
പാൽപ്പൊടി
പാലിനെ പോലെ ചർമ്മത്തിന് പലവിധ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതാണ് പാൽപ്പൊടിയും. ഇതിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തെ ശുദ്ധീകരിക്കാനും തിളക്കം കൂട്ടാനും സഹായിക്കും. ധാരാളം വൈറ്റമിനുകളും മിനറൽസും ഇതിലുണ്ട്. ഇതൊക്കെ ചർമ്മത്തിന് വളരെ പ്രധാനമായിട്ടുള്ള ഘടകങ്ങളാണ്. ചർമ്മത്തിലെ ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും പുറന്തള്ളാനുള്ള കഴിവും പാൽപ്പെടിയ്ക്കുണ്ട്. ചർമ്മത്തിന് ആവശ്യത്തിന് മൃദുത്വം നൽകാനും സഹായിക്കും.
അരിപ്പൊടി
ചർമ്മത്തിൽ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിവുണ്ട്. കൂടാതെ, നല്ല തിളക്കവും ഇലാസ്തികതയും നൽകും. കറുത്ത പാടുകൾ, പിഗ്മൻ്റേഷൻ എന്നിവയെല്ലാം ഇല്ലാതാക്കാനും അരിപ്പൊടി സഹായിക്കും.
പാൽ
ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിന് കഴിയും. ചർമ്മം നല്ല തിളക്കമുള്ളതും സോഫ്റ്റാക്കാനും പാൽ പ്രയോജനമുള്ളതാണ്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ചർമ്മം പ്രായമാകുന്നതിൻ്റെ ലക്ഷണമായ ചുളിവുകളും വരകളുമൊക്കെ ഇല്ലാതാക്കാൻ പാൽ മികച്ചതാണ്. പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ് പാൽ. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ പാൽ ഉത്തമ സഹായിയാണ്.
പായ്ക്ക് തയാറാക്കാൻ
ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് അൽപ്പം തിളപ്പിക്കാത്ത പാൽ കൂടി ചേർത്ത് മിശ്രിതമാക്കുക. ഇത് നന്നായി മുഖത്തും കഴുത്തിലുമൊക്കെ തേച്ച് പിടിപ്പിക്കാം.. 20 മിനിറ്റിന് ശേഷം കഴുകി കളയാം.