തൃശൂർ : തൃശൂർ ജില്ലയിൽ മഴമുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും വിലയിരുത്തലിനുമായി അടിയന്തിര ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് മന്ത്രി ആർ ബിന്ദു.
യോഗത്തിന്റെ തുടർച്ചയായി ബുധനാഴ്ച എം.എൽ.എ. മാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ട് മണ്ഡലം തല അവലോകന യോഗങ്ങൾ ചേരാനും തീരുമാനിച്ചു. യോഗങ്ങളുടെ കോർഡിനേറ്റർമാരായി ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായി.
അപകട നിലയിൽ ജലനിരപ്പുയരുന്ന നദീ തീരങ്ങളിലും ഡാമുകളുടെ ജലം ഒഴുകാനിടയുള്ള ഇടങ്ങളിലും, ഉരുൾപ്പൊട്ടൽ മലയിടിച്ചിൽ എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരെ അടിയന്തിരമായി ക്യാമ്പുകളിലേയ്ക്ക് പുനരധിവസിപ്പിക്കാനും തീരുമാനമായി.
അപകട നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും നീരോഴിക്കിന് തടസമായുള്ള ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നതിനും അടിയന്തിരനടപടികൾ സ്വീകരിക്കാനും തീരുമാനമായി.
തൃശൂര്‍ ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 73 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് . 917 കുടുംബങ്ങളിലെ 2490 പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത്. ഇതില്‍ 1020 പുരുഷന്മാരും 998 സ്ത്രീകളും 472 കുട്ടികളും ഉള്‍പ്പെടുന്നു.
ചാലക്കുടി- 14, മുകുന്ദപുരം-5, തൃശൂര്‍- 32, തലപ്പിള്ളി -14, ചാവക്കാട്- 1, കുന്നംകുളം -7 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം.
ചാലക്കുടി -514, മുകുന്ദപുരം-124, തൃശൂർ – 1273, തലപ്പിള്ളി – 349, ചാവക്കാട്-13, കുന്നംകുളം – 217 എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.
ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും സംയുക്തമായി ഏകോപിപ്പിക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ആരോഗ്യ വിഭാഗത്തിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.