കൽപ്പറ്റ: ഉരുൾപ്പൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അടക്കം ഇന്ന് രാവിലെ തന്നെ തിരച്ചിൽ ദൗത്യ സംഘം പുനരാരംഭിച്ചു. ചൊവ്വാഴ്ചപുലർച്ചെ നാട്ടുകാരും എൻഡിആർഎഫും ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം 20 മണിക്കൂറിന് ശേഷമാണ് താൽകാലികമായി ഇന്നലെ നിർത്തിയത്. മോശം കാലാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം നിർത്തിവെച്ചത്. ഇതുവരെ 158 ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.128 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായി. കാണാതായവർക്കായി ഉറ്റവരും സുഹൃത്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും അടക്കം അന്വേഷിച്ച് നടക്കുകയാണ്.
ഇന്നലെ 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഔദ്യോഗിക വിവരം പങ്കിട്ടത്.
അതേസമയം ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മു’ണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം രക്ഷാപ്രവർത്തകർ താഴെയെത്തിച്ചു. മൃതദേഹങ്ങൾ പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു..
അതേസമയം, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 01 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 03 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ ജൂലൈ 31 ന് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.