ചർമ്മ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് ആരോഗ്യത്തിൻ്റെ ലക്ഷണങ്ങളിലൊന്നാണ്. പുതു കാലഘട്ടത്തിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ചർമത്തിൻ്റെ സൗന്ദര്യവും ശ്രദ്ധിക്കപ്പെടാം. സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് കക്ഷത്തിലെ കറുപ്പ്.
കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണം പലതാകാം. ടെൻഷനടിച്ചിരിക്കാതെ ഒന്ന് ശ്രമിച്ചാൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പരിഹാര മാർഗ്ഗമുണ്ട്.
ചുവന്ന പരിപ്പ്
കറി വയ്ക്കാൻ ഉപയോഗിക്കുന്ന ചുവന്ന പരിപ്പ് ചർമ്മ സംരക്ഷണത്തിനും കേമനാണ്. അയൺ, കാൽസ്യം, സിങ്ക്, മഗ്നീഷ്യം, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റമിനുകളായ സി, ബി 6, ബി 2, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം ചുവന്ന പരിപ്പിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ പലതാണ്. . ചർമ്മത്തിന് ആവശ്യമായ തിളക്കവും മൃദുത്വവും ചുവന്ന പരിപ്പ് ഉറപ്പാക്കും.
നാരങ്ങാനീര്
ചർമ്മ സംരക്ഷണത്തിൽ നാരങ്ങ നീരിനുള്ള പങ്കും ചെറുതല്ല. നാരങ്ങയിൽ ആൻ്റി മൈക്രോബയൽ അടങ്ങിയിട്ടുള്ളതിനാൽ ബാക്ടീരിയകളെ ചെറുക്കാൻ ഉപയോഗിക്കാം. നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി തിളക്കം നൽകാനും സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യം, ഒരിക്കലും നാരങ്ങനീർ നേരിട്ട ചർമ്മത്തിൽ പുരട്ടരുത്.
പാൽ
പാൽ നല്ല ക്ലെൻസറാണ്. പാലിൻ്റെ ഗുണങ്ങൾ ചർമ്മത്തിന് പല തരത്തിലുള്ള മാറ്റങ്ങൾ നൽകാൻ സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ സഹായിക്കും. ചർമ്മത്തെ മൃദുവാക്കാനും പാൽ ഏറെ മികച്ചതാണ്. ചർമ്മത്തിലെ നിറ വ്യത്യാസം പോലെയുള്ള പ്രശ്നങ്ങൾ ചെറുക്കാനും പാൽ ഉത്തമം.
പായ്ക്ക് തയാറാക്കാൻ
ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചുവന്ന പരിപ്പ് കുതിർത്ത് അരച്ച് എടുക്കുക. അതിലേക്ക് നാരങ്ങയുടെ പകുതി ഭാഗത്തിൻ്റെ നീരും അര കപ്പ് പാലും ചേർത്ത് മിശ്രിതമാക്കുക. ഈ പേസ്റ്റ് നന്നായി കക്ഷത്തിൽ തേച്ച് പിടിപ്പിക്കുക. ഒരു 15 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക – ഏത് പായ്ക്കും പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറന്നുപോകരുത്.