ന്യൂഡൽഹി: പേരിനൊപ്പം അഭിമാനമായി കൊണ്ടു നടക്കേണ്ട ആ മൂന്നക്ഷരം നഷ്ടപെടുത്തി പൂജ ഖേദ്കർ. രേഖകളിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ, ട്രെയിനീ ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറെ യൂണയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (യു.പി.എസ്.സി) അയോഗ്യയാക്കി. ഐ.എ.എസ് റദ്ദാക്കിയതിനൊപ്പം കമ്മീഷന്‍റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. പരീക്ഷാ നിയമങ്ങൾ ലംഘിച്ചെന്നു കാണിച്ച് നൽകിയ നോട്ടിസിൽ മറുപടി നൽകാൻ പൂജ തയാറായിട്ടില്ലെന്ന് യു.പി.എസ്.സി പ്രസ്താവനയിൽ വ്യക്തമാക്കി.
“വ്യാജരേഖ ചമച്ച്, അനുവദിച്ചതിലും കൂടുതൽ തവണ സിവിൽ സർവ്വീസസ് പരീക്ഷയെഴുതിയ സംഭവത്തിൽ പൂജ ഖേദ്കറിന് ജൂലൈ 18ന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂലൈ 25നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ആഗസ്റ്റ് നാല് വരെ സമയം നീട്ടി നൽകണമെന്ന് പൂജ ആവശ്യപ്പെട്ടു. ജൂലൈ 30 വരെ പരമാവധി സമയം നൽകാമെന്ന് കമ്മീഷൻ അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും അനുവദിച്ച സമയത്തിൽ വിശദീകരണം നൽകാൻ പൂജ തയാറായിട്ടില്ല. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ പൂജക്ക് പരീക്ഷാർത്ഥിയാകാനുള്ള യോഗ്യത പോലുമില്ല. അയോഗ്യയായ പ്രഖ്യാപിക്കുന്നതോടൊപ്പം അവരെ കമ്മീഷന്‍റെ പരീക്ഷകളിൽനിന്ന് ആജീവനാന്തം വിലക്കുന്നു” – യു.പി.എസ്.സി വ്യക്തമാക്കി.
പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് വലിയ വിവാദമുയർന്ന പശ്ചാത്തലത്തിൽ 2009 മുതൽ 2023 വരെ പരീക്ഷയെഴുതിയ 15,000ത്തിലേറെ ഉദ്യോഗാർത്ഥികളുടെ വിവരം കമ്മീഷൻ പരിശോധിച്ചു. എന്നാൽ മറ്റാരും ഇത്തരത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്താനായിട്ടില്ല.