മേപ്പാടി : വയാനാട് ഉരുൾപൊട്ടിയുണ്ടയ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 276 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് 174 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 119 മൃതദേഹങ്ങൾ വയനാട് നിന്നും 55 മൃതദേഹങ്ങൾ നലമ്പൂരിൽ നിന്നുമാണ്. തിരച്ചലിൽ നിരവധി ശരീര ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. പോസ്റ്റുമാർട്ടം ചെയ്ത മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
നിലവിൽ ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. മേപ്പാടിയിൽ തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. മുണ്ടക്കൈയുൾപ്പടെയുള്ള പ്രദേശത്ത് വീണ്ടും ഉരുൾ പൊട്ടാൻ സാധ്യതയുള്ളതായി കലക്ടർ അറിയിച്ചു.
സംഭവ സ്ഥലത്ത് സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പാലം നിർമിക്കാനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യത്തിന്റെ രണ്ടാമത്തെ സംഘം ഡൽഹിയിൽ നിന്ന് എത്തിയിട്ടുണ്ട്.ഇന്ത്യൻ വ്യോമസേന വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായി വയനാട്ടിലേക്ക് കൊണ്ടുപോയി. ബെയ്ലി പാലം പൂർത്തിയായാൽ മാത്രമേ മുണ്ടക്കൈയിലേക്ക് വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിക്കാൻ കഴിയുകയുള്ളൂ..