കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലിൻ്റെ രൂപത്തിൽ പെയ്തിറങ്ങിയ മഹാദുരന്തത്തിൻ്റെ ശേഷിപ്പുകൾക്കിടയിൽ തുടർച്ചയായി നടക്കുന്ന തിരച്ചിൽ ഏഴാം ദിവത്തേക്ക് കടക്കുമ്പോഴും ഉറ്റവരും ഉടയവരുമായവർ കൺമുന്നിലെവിടെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ ആകാംക്ഷ മുറ്റിയ മുഖവുമായി നിൽക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ആറാം ദിവസത്തെ തിരച്ചിൽ അവസാനിച്ചപ്പോഴും ഇരുന്നൂറിലേറെപേർ കാണാമറയത്തുതന്നെ. ഉള്ള് പിളർത്തിയ മുണ്ടക്കൈയിലും ചൂരൽമലയിലും സംയുക്ത സേനകളുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം ഞായറാഴ്ചത്തെ തിരച്ചിലിന് സൗകര്യമായി. തകർന്ന വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയെല്ലാം പരിശോധന തുടർന്നു. തിരച്ചിലിൽ ഇന്നലെ രാവിലെ ചൂരൽമലയിൽനിന്ന് ഒരു പുരുഷൻ്റെ മൃതശരീരം കിട്ടിയിരുന്നു. ചൂരൽമല ബെയ്‌ലി പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
മുണ്ടക്കൈയിലും ചൂരൽമലയിലും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയാണ് പരിശോധന. ഞായറാഴ്ച ഒഴിവുദിനം കണക്കിലെടുത്ത് ‘കാഴ്ചക്കാർ’ എത്തുന്നത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മേപ്പാടിയിൽനിന്ന് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് പോകുന്ന മുഴുവൻ വാഹനങ്ങളും പൊലീസ് പരിശോധന നടത്തിയാണ് വിട്ടയച്ചത്.
മുണ്ടക്കൈയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഐബോഡ് പരിശോധന വ്യാപിപ്പിക്കും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ഇന്നലെ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തുമെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ വ്യക്തമാക്കി. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഐബോഡിലൂടെ സാധ്യമാകും.