കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആശങ്കയിലായ ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
ഉരുള്‍പൊട്ടലില്‍ കന്നുകുട്ടികള്‍ അടക്കം നൂറിലധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് കണക്ക്. അമ്പതോളം പശുക്കള്‍ ഒഴുകിപ്പോയി. 39 കാലിത്തൊഴുത്ത് പൂര്‍ണ്ണമായും 29 എണ്ണം ഭാഗികമായും നശിച്ചു. തീറ്റ പുല്‍ കൃഷി ഏക്കറു കണക്കിന് നഷ്ടപ്പെട്ടു. കാലിത്തീറ്റ, വൈക്കോല്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു. ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നു. അതൊക്കെയും നഷ്ടമായെന്ന് ചിഞ്ചു റാണി പറഞ്ഞു.
പശുവിനെ നഷ്ടപ്പെട്ടവര്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 37,000 രൂപയ്ക്ക് വലിയ പശുവിനെയും 20,000 രൂപ ചെറിയ പശുവിനെയും കര്‍ഷകര്‍ക്ക് നല്‍കും. പലിശ രഹിത ലോണ്‍ അടക്കം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പശു നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി എത്തിക്കാനാണ് തീരുമാനം. പ്രദേശത്ത് ക്ഷീരവകുപ്പ് അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.